ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകരുതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്
മുംബൈ : ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു പോകരുതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. താരങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം ഏറ്റവും പ്രാധാന്യമെന്ന് ഹർഭജന്‍ സിങ് ഒരു വാർത്താ ഏജൻസിയോടു പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകാമെന്ന് ബിസിസിഐ ഇതുവരെ സമ്മതിച്ചിട്ടില്ല. അതേസമയം മത്സരങ്ങൾ പാക്കിസ്ഥാനു പുറത്തേക്കു മാറ്റാനാകില്ലെന്ന കടുംപിടിത്തത്തിലാണ് പാക്ക് ക്രിക്കറ്റ് ബോർഡ്. ‘‘എന്തിനാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകേണ്ടത്? അവിടെ സുരക്ഷാ പ്രശ്നമുണ്ട്. പാക്കിസ്ഥാനിൽ എല്ലാ ദിവസവും ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങോട്ടേക്കു പോകുന്നതു സുരക്ഷിതമാണെന്ന് എനിക്കു തോന്നുന്നില്ല. ബിസിസിഐ എടുത്ത നിലപാട് പൂർണമായും ശരിയാണ്.
താരങ്ങളുടെ സുരക്ഷയേക്കാളും വലുതായി വേറൊന്നുമില്ല.’’– ഹർഭജൻ സിങ് വ്യക്തമാക്കി. ബിസിസിഐയുടെ ശക്തമായ സമ്മർദത്തെത്തുടർന്ന് കഴിഞ്ഞ വർഷം പാക്കിസ്ഥാനിൽ നടന്ന ഏഷ്യാകപ്പിലെ പ്രധാന കളികൾ പലതും ശ്രീലങ്കയിലേക്കു മാറ്റിയിരുന്നു. ഇന്ത്യയുടെ കളികളാണ് ശ്രീലങ്കയിൽ നടത്തിയത്. ചാംപ്യൻസ് ട്രോഫിയുടെ കരട് മത്സര ക്രമമുൾപ്പടെ തയാറാക്കി പിസിബി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ കളികൾ ലഹോറിലാണു നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മത്സരക്രമത്തിന്റെ കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കേണ്ടത് ഐസിസിയാണെന്ന് പിസിബി പ്രതിനിധികൾ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമിയിലേക്കും ഫൈനലിലേക്കും കടന്നാൽ ആ കളികളും ലഹോറിൽ തന്നെ നടത്താമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.
1996ന് ശേഷം പാക്കിസ്ഥാൻ ഐസിസി ടൂർണമെന്റുകൾക്കൊന്നും ആതിഥേയത്വം വഹിച്ചിട്ടില്ല. 2008ലെ ഏഷ്യാ കപ്പ് കളിക്കാനാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനിലേക്കു പോയത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ താരങ്ങൾ ഇന്ത്യയിലെത്തിയിരുന്നു.