ബ്രിട്ടനിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്ന സാഹചര്യത്തിൽ;ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം
                ന്യൂഡൽഹി : ബ്രിട്ടനിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. യുകെയുടെ ചില ഭാഗങ്ങളിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ പറഞ്ഞു.
യുകെയിലുള്ള ഇന്ത്യക്കാരും യുകെ സന്ദർശിക്കുന്നവരും ജാഗ്രത പുലർത്തണം, പ്രാദേശിക വാർത്താമാധ്യമങ്ങളും ഭരണകൂടത്തിന്റെ അറിയിപ്പുകളും ശ്രദ്ധിക്കണമെന്നും പ്രക്ഷോഭബാധിത പ്രദേശങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിൽ +44 (0) 20 7836 9147 എന്ന നമ്പറിലും inf.london@mea.gov.in എന്ന ഇമെയിലിലും ബന്ധപ്പെടാമെന്നും ൈഹക്കമ്മിഷൻ അറിയിച്ചു.
