ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടി സ്വാഗതം ചെയ്‌ത് ഇന്ത്യ

ന്യൂഡൽഹി:ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഇന്ത്യ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റാണ് പാകിസ്ഥാനിലെ ലഷ്‌കർ-ഇ-ത്വയിബയുടെ പോഷക സംഘടനയായ ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള നീക്കം നടത്തിയത്.
ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ഭീകരവിരുദ്ധ സഹകരണത്തെ ഈ നീക്കം അടിവരയിടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു. ഈ തീരുമാനത്തെ അംഗീകരിച്ചും അഭിനന്ദിച്ചും അദ്ദേഹം എക്‌സ് പോസ്റ്റിട്ടിട്ടുണ്ട്. തീവ്രവാദത്തോട് ഒരു വിട്ടുവീഴ്‌യും പാടില്ലെന്നും അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.ഏപ്രിൽ 22-ന് ജമ്മു കശ്‌മീരിലെ പഹൽഗാമില്‍ ടിആർഎഫ് നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരായ 26 പേര്‍ക്കായിരുന്നു ജീവന്‍ നഷ്‌ടമായത്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരത്തിനെത്തിയവര്‍ക്ക് നേരെയാണ് ഭീകരവാദികള്‍ നിറയൊഴിച്ചത്. 2008 -ലെ മുംബൈ ആക്രമണത്തിനു ശേഷം ഇന്ത്യയിൽ സിവിലിയന്മാര്‍ക്ക് നേരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു. 2024-ൽ ഉൾപ്പെടെ സമീപ വർഷങ്ങളിൽ ഇന്ത്യൻ സുരക്ഷ സേനയ്‌ക്കെതിരായ ഒന്നിലധികം ആക്രമണങ്ങളിലും ടിആർഎഫ് ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാർട്ട്മെൻ്റ് വ്യക്തമാക്കി.
ആഗോള ഭീകരവാദത്തിനെതിരായ ട്രംപ് ഭരണകൂടത്തിൻ്റെ തുടർച്ചയായ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ തീരുമാനമെന്ന് യുഎസ് സർക്കാർ പറഞ്ഞു. ” നമ്മുടെ ദേശീയ സുരക്ഷ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ഭീകരതയെ ചെറുക്കുന്നതിനും, പഹൽഗാം ആക്രമണത്തിന് നീതി ലഭ്യമാക്കണമെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് സ്‌റ്റേറ്റ് ഡിപാർട്ട്മെൻ്റ് സ്വീകരിച്ച ഈ നടപടികൾ പ്രകടമാക്കുന്നത്” വിദേശകാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ പ്രസ്‌താവനയിൽ പറഞ്ഞു.