ട്രംപ് & മോദി കൂടിക്കാഴ്ച :ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടും

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്താൻ ധാരണയായതായി മോദി വ്യക്തമാക്കി. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് മോദിയുടെ പ്രതികരണം.
വ്യാപാര നയതന്ത്ര മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് കൂടിക്കാഴ്ച്ചയിലുണ്ടായത്. മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽനിന്ന് കൂടുതൽ ഇന്ധനം വാങ്ങാനും കരാറായി. അതേസമയം, ഇന്ത്യയുമായുള്ള ചർച്ചയിലും നികുതി തീരുമാനങ്ങളിൽ ട്രംപ് ഇളവിന് തയാറായില്ല. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും അതെ നികുതി തിരികെ ചുമത്തുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. വ്യാപാര കാര്യത്തിൽ ശത്രു രാജ്യങ്ങളെക്കാൾ മോശമാണ് സഖ്യ രാജ്യങ്ങളെന്നും പറഞ്ഞ ട്രംപ് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിരോധം മുതൽ എഐ സാങ്കേതികവിദ്യ വരെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് മോദി വിശദീകരിച്ചു. ട്രംപിന്റെ “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ” എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി, വികസിത് ഭാരത് എന്നാൽ “മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ” അല്ലെങ്കിൽ ‘മിഗ ‘എന്നാണെന്ന് മോദി പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 500 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024 ൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 129.2 ബില്യൺ ഡോളറാണ്. ഇന്ത്യയിലേക്ക് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന മുൻനിര രാജ്യമായി അമേരിക്കയെ പുനഃസ്ഥാപിക്കുന്ന ഒരു സുപ്രധാന ഊർജ്ജ കരാറിൽ താനും മോദിയും എത്തിയതായി ട്രംപ് പറഞ്ഞു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ട്രംപുമായുള്ള ചർച്ചയിൽ വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വൈറ്റ് ഹൗസിന് സമീപത്തുള്ള ബ്ലെയര്‍ ഹൗസിൽ വെച്ച് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു.വ്യക്തമാക്കി.സംയുക്ത വാർത്താ സമ്മേളനത്തിൽ ഇരുവരും പരസ്പരം പുകഴ്ത്തിയാണ് സംസാരിച്ചത്.