ഇന്ത്യ- യു.എ.ഇ വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടം; എണ്ണയിതര വ്യാപാരം 5000 കോടി ഡോളര്‍ കടന്നു
ദുബൈ: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍(സി.ഇ.പി.എ) നിലവില്‍വന്നതോടെ ഇന്ത്യയു.എ.ഇ വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം 5000 കോടി ഡോളര്‍ കടന്നിരിക്കുകയാണ്. 2030ഓടെ ഇത് 10,000 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
2022 ഏപ്രിലില്‍ നിലവില്‍വന്ന സി.ഇ.പി.എ ഇരു രാജ്യങ്ങളിലും നിക്ഷേപം വലിയ അളവില്‍ വര്‍ധിക്കാനിടയാക്കി. കരാര്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കയറ്റുമതി ഇറക്കുമതി നികുതികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതാണ് വാണിജ്യരംഗത്ത് കുതിപ്പിനു വഴിതുറന്നത്. ബിസിനസ് ചെയ്യുന്നതിന് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെടാനും ചുവപ്പുനാടകള്‍ ഇല്ലാതാകാനും ഇത് സഹായകമായി.
ദുബൈയില്‍ ബിസിനസ് തുടങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ദുബൈ ചേമ്പര്‍ ഓഫ് കോമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തത് 15,481 ഇന്ത്യന്‍ കമ്പനികളാണ്. ഇതോടെ ഇന്ത്യന്‍ നിക്ഷേപകരുടെ പ്രധാന നിക്ഷേപ കേന്ദ്രമായി ദുബൈ മാറി.
പുതുതായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളില്‍ കൂടുതലും മൊത്ത ചില്ലറ വ്യാപാര മേഖലയിലും മോട്ടോര്‍ വാഹന മേഖലയിലും പ്രവര്‍ത്തിക്കുന്നവയാണ്. പുതിയ കമ്പനികളില്‍ 44.2 ശതമാനവും ഇങ്ങനെയുള്ളവയാണ്. 32 ശതമാനം ഇന്ത്യന്‍ കമ്പനികളും റിയല്‍ എസ്റ്റേറ്റ്, വാടക, ബിസിനസ്് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ്. ദുബൈയില്‍ ബിസിനസ് തുടങ്ങുന്നവര്‍ക്ക് ഉറച്ച പിന്തുണയാണ് ചേമ്പര്‍ നല്‍കിവരുന്നത്.