ഡിജിറ്റൽ വികസനം, ഭാരത് മാർട്ട്, കൂടുതൽ നിക്ഷേപം സുപ്രധാന കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും:
അബുദബി: ഡിജിറ്റൽ രംഗത്തു സഹകരണം അടക്കം സുപ്രധാന കരാറുകളിൽ ഇന്ത്യയും യുഎഇയും തമ്മിൽ കരാർ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങൾ ഉണ്ടായത്. ഇത് സംബന്ധിച്ച് ഇന്ത്യയും യുഎഇയും സംയുക്ത പ്രസ്താവനയിറക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിൽ സന്ദര്‍ശനം തുടരുകയാണ്.
യുഎഇയിലെ നിക്ഷേപ മന്ത്രാലയം ഇന്ത്യയുടെ ഐടി മന്ത്രാലയവുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ, ഡാറ്റ സെന്റർ എന്നിവ സ്ഥാപിക്കാൻ തീരുമാനമുണ്ട്. ഡിജിറ്റൽ വികസന രംഗത്തു നിക്ഷേപം നടത്തും. ഇന്ത്യയിലെയും യുഎഇയിലെയും സ്ഥാപനങ്ങൾ തമ്മിൽ ഇതിനായി സഹകരിക്കും. ഗുജറാത്തിൽ നാഷണൽ മാരി ടൈം ഹെറിറ്റേജ് കോംപ്ലക്സുമായി യുഎഇ സഹകരിക്കും.
ഇന്ത്യ -മിഡിൽ ഈസ്റ്റ് – യൂറോപ്പ് വ്യാപാര ഇടനാഴിക്കായി ഇരു രാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. യുഎഇ – ഇന്ത്യ കൾച്ചറൽ കൗൺസിൽ രൂപീകരണം വേഗത്തിലാക്കും, അബുദബിയിലെ ഡൽഹി ഐഐടിയിൽ ഊര്‍ജ്ജ മേഖലയിൽ പുതിയ കോഴ്സ് തുടങ്ങും. യുഎഇയും ഇന്ത്യയും തമ്മിൽ വൈദ്യുതി കൈമാറ്റം, വ്യാപാരം എന്നിവയ്ക്കും ധാരാണാപാത്രം ഒപ്പുവച്ചു.