ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ റിഷഭ് കളിക്കില്ല

മുംബൈ:ഇംഗ്ലണ്ടിനെതിരായ അവസാനത്തെ നിര്‍ണായക ടെസ്റ്റിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റര്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിനിടെ വലതുകാലിന് പരിക്കേറ്റതിനെ തുടർന്നാണ് റിഷഭ് പുറത്തായത്. ഞായറാഴ്ച രാത്രി വൈകിയാണ് ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചത്. കളിക്കിടെ ക്രിസ് വോക്സിന്റെ ബോള്‍ കാലില്‍ കൊണ്ടാണ് പന്തിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ പരിക്കില്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നാലെ അടുത്ത ദിവസം പരിക്ക് വകവയ്ക്കാതെ പന്ത് ബാറ്റിങ്ങിനിറങ്ങിയത് കാണികളെ ആവേശത്തിലാഴ്ത്തിയിരുന്നു.
തമിഴ്നാട് വിക്കറ്റ് കീപ്പർ ബാറ്റര്‍ നാരായൺ ജഗദീശനെ പന്തിന് പകരം ടീമിൽ ഉൾപ്പെടുത്തി. ചൊവ്വാഴ്ചയോടെ താരം ലണ്ടനിൽ ടീമിനൊപ്പം ചേരും. നിർണായക ടെസ്റ്റിൽ പ്രധാന വിക്കറ്റ് കീപ്പിംഗ് ചുമതലകൾ ധ്രുവ് ജൂറലാകും ഏറ്റെടുക്കുക. തുടർച്ചയായി രണ്ട് ആഭ്യന്തര സീസണുകളിൽ റൺ സ്കോറർ പട്ടികയിൽ ഒന്നാമതെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്ററാണ് എൻ ജഗദീശൻ. 2023-24 രഞ്ജി ട്രോഫിയിൽ 13 ഇന്നിംഗ്സുകളിൽ നിന്ന് 74.18 ശരാശരിയിൽ 816 റൺസാണ് താരം നേടിയത്.2024-25ൽ 13 ഇന്നിംഗ്സുകളിൽ നിന്ന് 56.16 ശരാശരിയിൽ 674 റൺസ് അദ്ദേഹം നേടി. ഇതിൽ രണ്ട് സെഞ്ച്വറികളും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. 2016-ലാണ് ജഗദീശൻ തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചത്. 47.50 ശരാശരിയുള്ള അദ്ദേഹം 79 ഇന്നിംഗ്സുകളിൽ നിന്ന് 10 സെഞ്ച്വറിയും 14 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 3373 ഫസ്റ്റ് ക്ലാസ് റൺസ് നേടിയി. 321 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ.