ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ടൈ ആയിട്ടും എന്തുകൊണ്ട് സൂപ്പർ ഓവർ ഉണ്ടായില്ല?
കൊളംബോ : ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ടൈ ആയിട്ടും എന്തുകൊണ്ടാണ് സൂപ്പര്‍ ഓവറിലൂടെ വിജയിയെ തീരുമാനിക്കാതിരുന്നത് എന്ന് ആരാകരുടെ മനസിലുയര്‍ന്ന ചോദ്യമാണ്. എന്നാല്‍ സൂപ്പര്‍ ഓവര്‍ നടത്തുന്ന കാര്യത്തില്‍ മാച്ച് ഒഫീഷ്യല്‍സിന് പിഴവ് പറ്റിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിലവില്‍ വന്ന ഏകദിന മത്സരങ്ങളുടെ പുതിയ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് ടൈ ആകുന്ന മത്സരങ്ങളില്‍ വിജയിയെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ നടത്തണമെന്ന് ഐസിസി വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 230 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയും 230 റണ്‍സിന് ഓള്‍ ഔട്ടായതോടെ മത്സരം ടൈ ആയതായി അറിയിച്ച് ഒഫീഷ്യല്‍സും കളിക്കാരും ഗ്രൗണ്ട് വിട്ടിരുന്നു.
ഐസിസി നിയമം16.3.1.1 ൽ ആണ് ടൈ ആകുന്ന മത്സരങ്ങളില്‍ എന്തു ചെയ്യണമെന്ന് വ്യക്തമാക്കുന്നത്. രണ്ട് ഇന്നിംഗ്‌സുകളും പൂർത്തിയാക്കിയതിന് ശേഷം ടീമുകളുടെ സ്‌കോറുകൾ തുല്യമാണെങ്കിൽ തുടർന്ന് ഇരു ടീമുകളും ഓരോ സൂപ്പർ ഓവർ വീതം കളിക്കും. സൂപ്പർ ഓവറും ടൈ ആണെങ്കിൽ, അസാധാരണമായ സാഹചര്യങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ഒരു വിജയി ഉണ്ടാകുന്നതുവരെ തുടർന്നുള്ള സൂപ്പർ ഓവറുകൾ കളിക്കും. ഒരു വിജയിയെ നിർണ്ണയിക്കാൻ ആവശ്യമായ സൂപ്പർ ഓവറുകൾ കളിക്കാനോ പൂർത്തിയാക്കാനോ കഴിയില്ലെങ്കിൽ മാത്രം മത്സരം സമനിലയിലാകും എന്നാണ് പറയുന്നത്.
എന്നാല്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്കായി ഇരു ടീമുകളും അംഗീകരിച്ച കളി വ്യവസ്ഥയില്‍ സൂപ്പര്‍ ഓവറുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ ടൈ ആകുന്ന മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ കളിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇക്കാര്യം മാച്ച് ഒഫീഷ്യൽസായ മാച്ച് റഫറി രഞ്ജൻ മദുഗലെയോ ഓൺ-ഫീൽഡ് അമ്പയർമാരായ ജോയൽ വിൽസണോ രവീന്ദ്ര വിമലസിരിയോ വിശദീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പിനിടെ ടൂർണമെന്‍റ് നിയമങ്ങൾ പരിഷ്കരിച്ചത് വിവാദമായിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിന് മാത്രമേ റിസർവ് ഡേ ഉണ്ടാകൂ എന്നായിരുന്നു അധികൃതര്‍ അറിയിച്ചത്.