ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി പാക് മത്സ്യത്തൊഴിലാളികളുടെ നന്ദി
ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ കൊള്ളക്കാരില്‍ നിന്ന് 23 പാക്കിസ്ഥാന്‍ പൗരന്മാരെ രക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. 29ന് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ നടത്തിയ 12 മണിക്കൂര്‍ നീണ്ട ഓപ്പറേഷനാണു പാക് മത്സ്യത്തൊഴിലാളികളെ സുരക്ഷിതരാക്കിയത്. ജീവൻ തിരിച്ചുകിട്ടിയ പാക് പൗരന്മാർ നാവികസേനയ്ക്ക് നന്ദി പറയുകയും ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഇറേനിയന്‍ മത്സ്യബന്ധന കപ്പൽ എഫ്‌വി അൽ-കമ്പാറിൽ നുഴഞ്ഞു കയറിയ ഒമ്പതു കടല്‍ക്കൊള്ളക്കാര്‍ അതിലെ ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു. വിവരം അറിഞ്ഞ ഇന്ത്യന്‍ നാവിക സേന കപ്പൽ തടഞ്ഞ് കൊള്ളക്കാരെ പിടികൂടി. ഇവർക്കെതിരേ ഇന്ത്യൻ നിയമപ്രകാരം നടപടികളെടുക്കും. ഇറേനിയൻ കപ്പൽ സുരക്ഷിതമെന്ന് ഉറപ്പാക്കിയശേഷം വീണ്ടും മത്സ്യബന്ധനത്തിന് അനുവദിച്ചു.