ആദ്യ ദിനം മുതൽ സ്പിന്നർമാരെ സഹായിക്കുന്ന ‘റാങ്ക് ടേണർ’ പിച്ചിനായി ഇന്ത്യൻ മാനേജ്മെന്റ്; എങ്ങനെയും ‘വൈറ്റ് വാഷ്’ ഒഴിവാക്കണം
മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ടതിന്റെ നാണക്കേടിനിടെ, എങ്ങനെയും സമ്പൂർണ തോൽവി ഒഴിവാക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീവ്രശ്രമം. ഇതിന്റെ ഭാഗമായി, ആദ്യ ദിനം മുതൽ സ്പിന്നർമാരെ സഹായിക്കുന്ന ‘റാങ്ക് ടേണർ’ പിച്ച് തയാറാക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ഇന്ത്യൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുണെയിൽ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കി സ്വയം കുഴിയിൽ വീണെങ്കിലും, രവിചന്ദ്രൻ അശ്വിന് മികച്ച റെക്കോർഡുള്ള സ്റ്റേഡിയമെന്ന നിലയിലാണ് വാങ്കഡെയിൽ സ്ലോ ട്രാക്കുള്ള പുണെയിലേതിൽനിന്ന് വ്യത്യസ്തമായി ആദ്യ ദിനം മുതൽ സ്പിന്നർമാരെ സഹായിക്കുന്ന പിച്ചൊരുക്കാനുള്ള നീക്കം.
മിച്ചൽ സാന്റ്നർ ഉൾപ്പെടെയുള്ള കിവീസ് സ്പിന്നർമാർക്കെതിരെ പുണെയിൽ ‘കറങ്ങി വീണ’ ഇന്ത്യ, ആകെയുള്ള 20 വിക്കറ്റിൽ 19 വിക്കറ്റും സ്പിന്നർമാർക്കാണ് സമ്മാനിച്ചത്. അതിൽ 13 വിക്കറ്റും ഒറ്റയ്ക്ക് സ്വന്തമാക്കിയത് സാന്റ്നർ. വെല്ലുവിളി നിറഞ്ഞ സ്പിൻ ട്രാക്കുകളിൽ മികച്ച സ്പിന്നിനെതിരെ കളിക്കാൻ പഴയതുപോലെ ഇന്ത്യൻ ബാറ്റർമാർ പ്രാപ്തരല്ലെന്നതും വസ്തുതയായി മുന്നിലുണ്ട്. ഈ വെല്ലുവിളി നിലനിൽക്കെയാണ് സ്പിന്നർമാരെ ആദ്യ ദിനം മുതൽ സഹായിക്കുന്ന ‘റാങ്ക് ടേണർ’ പിച്ച് ഒരുക്കാനുള്ള നീക്കം.
മുൻപ് ബാറ്റർമാർക്ക് സ്പിന്നിനെതിരെ പഴയ മികവില്ലാത്തതാണ് ഇന്ത്യയെ തിരിച്ചടിച്ചിരുന്നതെങ്കിൽ, പുണെയിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും കിവീസ് സ്പിന്നർമാരേക്കാൾ നിറം മങ്ങിയതും തിരിച്ചടിയായിരുന്നു. എന്നാൽ, വാങ്കഡെ സ്റ്റേഡിയത്തിലെ സ്പിൻ ട്രാക്കുകളിൽ മികച്ച റെക്കോർഡുള്ള താരമാണ് ഇരുവരും. ഇവിടെ കളിച്ച അഞ്ച് മത്സരങ്ങളിൽനിന്ന് 18.42 ശരാശരിയിൽ 38 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. ഈ ഗ്രൗണ്ടിൽ ഏതൊരു ബോളറുടെയും മികച്ച പ്രകടനം. ഇവിടെ കളിച്ച ഏക മത്സരത്തിൽ ജഡേജയും ആറു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
അതേസമയം, ബാറ്റർമാർക്ക് ഇവിടുത്തെ പിച്ച് അനായാസമായിരിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. പിച്ചിലെ ചുവന്ന മണ്ണിന്റെ സാന്നിധ്യം സ്പിന്നിനൊപ്പം ബൗൺസും പ്രദാനം ചെയ്യും. പുണെയിൽ പിച്ച് നേരെ മറിച്ച് സ്ലോ ടേണറായിരുന്നു. വാങ്കഡെയിൽ ഇതിനു മുൻപ് ന്യൂസീലൻഡിനെതിരെ ഇന്ത്യ കളിച്ചത് 2021 ഡിസംബറിലാണ്. അന്ന് 372 റൺസിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഒന്നാം ഇന്നിങ്സിൽ 325 റൺസും രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയും ചെയ്ത ഇന്ത്യ, കിവീസിനെ 62, 167 റൺസുകൾക്ക് പുറത്താക്കിയാണ് കൂറ്റൻ വിജയം നേടിയത്.
അശ്വിൻ 42 റൺസ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ രണ്ട് ഇന്നിങ്സിലുമായി അജാസ് പട്ടേൽ 223 റൺസ് വഴങ്ങി 14 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഒറ്റ ഇന്നിങ്സിൽ 10 വിക്കറ്റുമായി അജാസ് പട്ടേൽ ഇതിഹാസ താരങ്ങളായ ജിം ലേക്കർ, അനിൽ കുംബ്ലെ എന്നിവർക്കൊപ്പം എത്തിയതും ആ മത്സരത്തിൽത്തന്നെ.