പാകിസ്ഥാനെ തകർത്ത് സെമിയിലേക്ക് കടന്ന് ഇന്ത്യ

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ച്വറിയിൽ പാകിസ്ഥാനെ തകര്‍ത്ത് സെമിയിലേക്ക് കടന്ന് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത് പാകിസ്ഥാന്‍ നേടിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 42.3 ഓവറില്‍ മറികടക്കുകയായിരുന്നു. 51-ാം ഏകദിന സെഞ്ച്വറി നേടിയ വിരാട് കോലി 111 പന്തിൽ 100 റണ്‍സുമായി പുറത്താകാതെ നിന്നു.
56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്‌മാന്‍ ഗില്ലും ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്തു. മൂന്ന് റണ്‍സുമായി അക്‌സര്‍ പട്ടേലും വിരാട് കോലിക്കൊപ്പം വിജയത്തില്‍ തിളങ്ങി. പാകിസ്ഥാന്‍ 49.4 ഓവറില്‍ 241ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 244-4 എന്നതാണ് സ്കോര്‍ നിരക്ക്.ഈ ജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നതിന്‍റെ വക്കിലാണിപ്പോൾ. പാകിസ്ഥാന് ഇനി സെമിയിലെത്തണമെങ്കിൽ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇനി മാർച്ച് 2ന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. ഫെബ്രുവരി 27ന് ബംഗ്ലാദേശിനെതിരെയാണ് പാക്കിസ്ഥാൻ്റെ അവസാന ഗ്രൂപ്പ് മത്സരം.