പ്രതിരോധ ഉത്പാദന-വിതരണ ശൃംഖലയില്‍ ഇന്ത്യയും ഇന്തോനേഷ്യയും ഒന്നിച്ച് പ്രവര്‍ത്തിക്കും
ന്യൂഡല്‍ഹി: പ്രതിരോധ ഉത്പാദന- വിതരണ ശൃംഖലയിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ഇന്തോനേഷ്യ ആയിരുന്നു മുഖ്യാതിഥി എന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു. ഇപ്പോഴിതാ 75-ാം റിപ്പബ്ലിക് ദിനത്തിലും ഇന്തോനേഷ്യ തന്നെ മുഖ്യാതിഥിയായിരിക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോനേഷ്യ ഒരിക്കല്‍ കൂടി നമ്മുടെ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളാകുന്നു. താന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ പ്രബോവോ സുബിയാന്തോയുമായി ചര്‍ച്ച ചെയ്‌തതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, ഭീകരവിരുദ്ദ പോരാട്ടങ്ങള്‍, തീവ്രവാദം ഉന്‍മൂലനം ചെയ്യല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്‌തു. ഇന്ന് സമുദ്ര സുരക്ഷ കരാറില്‍ ഒപ്പിടുന്നതോടെ ഈ രംഗത്തെ സഹകരണം കുറ്റകൃത്യം തടയല്‍, തെരച്ചില്‍, ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ കൂടുതല്‍ ശക്തമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഫിന്‍ടെക്, നിര്‍മ്മിത ബുദ്ധി, ഇന്‍റര്‍നെറ്റ്, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ തുടങ്ങിയമേഖലകളിലും സഹകരണം ശക്തമാക്കാന്‍ തീരുമാനമായി. ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച വിജ്ഞാന പങ്കിടലിനും ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും ദുരന്ത നിവാരണ സേനകള്‍ ഒരു സംയുക്ത പ്രകടനത്തിലും പങ്കാളികളാകും. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതാണ്. ഇന്തോനേഷ്യയിലെ ബോറോബുദുര്‍ ബുദ്ധ ക്ഷേത്രത്തിന് പിന്നാലെ പ്രമ്പനന്‍ ഹിന്ദു ക്ഷേത്രം സംരക്ഷിക്കാനും നാം സംഭാവന നല്‍കുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മോദി വ്യക്തമാക്കി.
നമ്മുടെ റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി ഇന്തോനേഷ്യയുടെ സൈന്യം പരേഡ് ചെയ്യുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. താങ്കളെയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ഒക്‌ടോബറില്‍ ചുമതലയേറ്റ ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്‍റെ ആദ്യ വിദേശയാത്ര കൂടിയാണിത്.