ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ ഇന്ത്യാസഖ്യം
ന്യൂഡൽഹി : പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാസഖ്യം. ശശി തരൂരാണു പ്രതിപക്ഷത്തുനിന്നു സഭയിൽ ആദ്യം സംസാരിക്കുക. രാവിലെ 10.30നു പാർലമെന്റ് അങ്കണത്തിൽ ഇന്ത്യാസഖ്യം ധർണ നടത്തും. തുടർന്നാണു സഭയിൽ വിഷയം ഉന്നയിക്കുക. കേന്ദ്രം വിശദീകരണം നൽകിയില്ലെങ്കിൽ വോക്കൗട്ട് നടത്താനാണു തീരുമാനം. ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത് കേന്ദ്രത്തെ കടന്നാക്രമിക്കാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യാസഖ്യ യോഗം തീരുമാനിച്ചു.
നിതി ആയോഗ് ശനിയാഴ്ച വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കും. അതേസമയം, ഘടകകക്ഷികളെ പ്രീണിപ്പിച്ചു അധികാരക്കസേര ഉറപ്പിക്കാനുള്ള ബജറ്റാണെന്ന പ്രതിപക്ഷ ആരോപണം ധനമന്ത്രി നിർമല സീതാരാമൻ തള്ളി. പത്തുമുപ്പതു പാർട്ടികൾ കൂടിയിട്ടും 230 സീറ്റ് തികയ്ക്കാൻ കഴിയാത്ത ഇന്ത്യാസഖ്യത്തിന് അതേപ്പറ്റി പറയാൻ അവകാശമില്ലെന്നു നിർമല പ്രതികരിച്ചു. ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ലെന്നതു കൊണ്ട് ആ സംസ്ഥാനങ്ങൾക്കൊന്നും വിഹിതം നൽകിയിട്ടില്ലെന്ന് പറയാനാകില്ല. ബജറ്റിന്റെ പൂർണ വിവരങ്ങൾ പരിശോധിച്ചാൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം വിഹിതം നൽകുകയോ പദ്ധതി അനുവദിക്കുകയോ ചെയ്തിട്ടുണ്ടെന്നു വ്യക്തമാകുമെന്നും ധനമന്ത്രി പറഞ്ഞു.