ഇന്ത്യ ജനാധിപത്യത്തിന്റെ ജനനി: രാഷ്ട്രപതി

ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വിഭജനത്തിന്റെ നാളുകളെ മറക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയാണെന്നും വിഭജനത്തിന്റെ നാളുകളെ മറക്കരുതെന്നും രാഷ്ട്രപതി പറഞ്ഞു. കൊളോണിയല്‍ ഭരണത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍ നിന്നുള്ള മോചനത്തിന്റെ ഓര്‍മദിനമാണിതെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
ഭീകരമായ അക്രമങ്ങളാണ് വിഭജനം കാരണം ഉണ്ടായതെന്നും ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി. വിഭജനം മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 79 വര്‍ഷങ്ങള്‍ കൊണ്ട് രാജ്യം ഏറെ മുന്നിലെത്തി. വലിയൊരു വിഭാഗം ദാരിദ്ര്യത്തില്‍ നിന്ന് മോചിതരായി. കശ്മീര്‍ താഴ്വരയിലെ റെയിവെ പാത ഉദ്ഘാടനം വലിയ നേട്ടമാണ്. താഴ്വരയുമായുള്ള റെയില്‍ ബന്ധം മേഖലയിലെ വ്യാപാരവും ടൂറിസവും വര്‍ദ്ധിപ്പിക്കും. പുതിയ സാമ്പത്തിക സാധ്യതകള്‍ തുറക്കുകയും ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു.
കശ്മീരില്‍ നിരപരാധികളെ ഭീകരര്‍ വധിച്ചുവെന്നും ഭീകരവാദത്തിന് ഇന്ത്യ ഉചിതമായ മറുപടി നല്‍കിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ സൈനികശക്തി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെയുള്ള നിര്‍ണായക നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യ ആക്രമണം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഏതറ്റംവരെയും പോകും. ഈ സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കിയതെന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു.