താമരശേരിയിൽ ഹോട്ടൽ തകർത്ത് ഉടമയെയും ഭാര്യയേയും മർദ്ദിച്ച സംഭവം: 2 CPMപ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: താമരശേരിയിൽ ഹോട്ടൽ തകർക്കുകയും ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും ചെയ്‌ത കേസിൽ സിപിഎം പ്രവർത്തകരായ രണ്ടുപേർ പിടിയിൽ. ശനിയാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുതുപ്പാടിയിൽ പ്രവർത്തിക്കുന്ന ‘ഗ്രാൻഡ് ഫാമിലി റസ്റ്റോറൻ്റി’ൽ വച്ചാണ് ആക്രമണം നടന്നത്.
ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിക്കുകയും രണ്ടുപേരെ ഇന്നലെ രാത്രി കാസര്‍കോട് വച്ച് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേർക്കെതിരെ താമരശേരി പൊലീസ് കേസെടുത്തു.മുൻപ് പുതുപ്പാടി ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസിന് മൊഴി നൽകിയത് ചോദ്യം ചെയ്‌താണ് അക്രമം നടത്തിയതെന്ന് കടയുടമ അബ്‌ദുറഹിമാനും ഭാര്യ റൈഹാനത്തും പറഞ്ഞു. അക്രമം നടന്ന കാര്യം പൊലീസിനോട് പറയരുതെന്ന് സംഘം റൈഹാനത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് റൈഹാനത്ത് വഴങ്ങിയിരുന്നില്ല.
ശനിയാഴ്‌ച രാത്രി സിപിഎം പ്രവർത്തകനാണെന്ന് പറഞ്ഞ് പ്രദേശവാസികളിലൊരാൾ കടയിലെത്തി. അക്രമ സംഭവം കണ്ടിരുന്നോ എന്ന കാര്യം വീണ്ടും അന്വേഷിച്ചു. ഇയാളോടും കണ്ട കാര്യം പൊലീസിനോട് പറയുമെന്ന് പറഞ്ഞതോടെ കൂടുതൽ പേരെ ഫോൺ ചെയ്‌ത് ഹോട്ടലിലേക്ക് വരുത്തുകയായിരുന്നു എന്ന് റൈഹാനത്ത് വെളിപ്പെടുത്തി.
തുടർന്ന് റൈഹാനത്തിനെ ക്രൂരമായി മർദിക്കുകയും ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്‌തു. ഹോട്ടലിനകത്തെ ഫ്രിഡ്‌ജ് ഉൾപ്പെടെയുള്ള സാധനസാമഗ്രികളും തകർത്തു. അക്രമ സംഭവത്തിനുശേഷം കടയുടമയും ഭാര്യയും മകനും താമരശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതി നൽകാൻ കാറിൽ എത്തിയ ഇവർ സ്റ്റേഷനു മുൻപിൽ കാർ പാർക്ക് ചെയ്‌ത് അകത്ത് കയറിയ സമയത്ത് അക്രമിസംഘം സ്ഥലത്തെത്തി കാർ തകർത്തു. കൂടാതെ കാറിൽ ഉണ്ടായിരുന്ന മകനെ ക്രൂരമായി മർദിക്കുകയും ചെയ്‌തു. പൊലീസ് കാറിനടുത്ത് എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കടയിൽ അതിക്രമിച്ചു കയറി കട അടിച്ചു തകർത്തതിനും കട ഉടമകളെ മർദിച്ചതിനും മോഷണത്തിനുമെതിരായി താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടയിലാണ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കടയുടമയുടെ മകൻ്റെയും കൂട്ടാളികളുടെയും ലഹരി ഉപയോഗം ചോദ്യം ചെയ്‌തതാണ് തർക്കത്തിനും കയ്യാങ്കളിക്കും കാരണമായതെന്നാണ് ആക്രമണം നടത്തിയവരുടെ ആരോപണം. ഏറെക്കാലമായി ഇവിടെ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും ഇത് മറച്ചുവെക്കാനാണ് ഇപ്പോൾ പരാതിയുമായി ഹോട്ടൽ ഉടമകൾ രംഗത്ത് വന്നതെന്നും അവര്‍ ആരോപിച്ചു.