മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തലയിൽ തുന്നലിട്ട സംഭവം:RMO റിപ്പോർട്ട് പുറത്ത്
കോട്ടയം: തലയ്ക്ക് പരിക്കേറ്റ 11 വയസുകാരൻ്റെ തലയിൽ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവത്തിൽ ആർഎംഒയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചപ്പോൾ ജനറേറ്ററുമായുള്ള സ്വിച്ച് ഓവർ ബട്ടൺ തകരാറിലായി എന്നാണ് വിശദീകരണം. ആർഎംഒയുടെ പ്രാഥമിക റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി.
എന്നാല്‍ ജനറേറ്റർ പ്രവർത്തിക്കാൻ ഡീസൽ ഇല്ല എന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ വിശദീകരണം. ശനിയാഴ്‌ച വൈകിട്ട് നാലരയോടെ വൈക്കം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ചെമ്പ് സ്വദേശി എസ്. ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇട്ടത്.വീണതിനെ തുടർന്നാണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്‌ടര്‍ നിര്‍ദേശിച്ചു. ഈ സമയത്താണ് ആശുപത്രിയില്‍ വൈദ്യുതി പോകുന്നത്. ഇതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ കുട്ടിയുടെ മുറിവിൽ സ്റ്റിച്ചിട്ടത് മൊബൈൽ വെളിച്ചത്തിലാണ്.ആശുപത്രിയിൽ ജനറേറ്റർ ഇല്ലേ എന്ന് മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്റര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസലില്ല എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കൂടി സഹായത്തോടെയാണ് മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ തലയില്‍ സ്റ്റിച്ചിടുന്നത്.ഡീസൽ ഇല്ലാ എന്ന് ജീവനക്കാരൻ പറഞ്ഞത് ഏത് സാഹചര്യത്തിൽ ആണെന്ന് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ആശുപത്രിയിൽ വെളിച്ചം ഇല്ലാതിരുന്നതിനാൽ മുറിവ് ശരിയായ രീതിയിൽ വൃത്തിയാക്കാൻ പോലും സാധിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഡ്രസിങ് റൂമിലടക്കം വൈദ്യുതി ഇല്ലായിരുന്നത് ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നും ഇവർ പറയുന്നു.