പുരോഹിതരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവം : അടിയന്തര ചർച്ച ആവശ്യപ്പെട്ട് ഹൈബി ഈഡൻ

ന്യൂഡൽഹി: ക്രിസ്ത്യന്‍ പുരോഹിതരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ അടിയന്തര ചർച്ച നടത്തണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും പാർലമെൻ്റ് അംഗവുമായ ഹൈബി ഈഡൻ. ലോക്‌സഭ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് നോട്ടിസ് നൽകുകയും ചെയ്‌തു.
സഭയുടെ പ്രവൃത്തികൾ താത്‌കാലികമായി നിർത്തിവയ്ക്കുകയും ഈ പ്രമേയം അവതരിപ്പിക്കാൻ അനുമതി തരണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ‘അടുത്തിടെ ഒഡിഷയിലെ ജലേശ്വറിൽ 70 ഓളം ബജ്‌റംഗ്‌ദള്‍ അംഗങ്ങൾ രണ്ട് കത്തോലിക്കാ പുരോഹിതന്മാരെയും മതബോധന വിദഗ്‌ധരെയും രണ്ട് കന്യാസ്ത്രീകളെയും ആക്രമിച്ചു. ഇത് ചർച്ച ചെയ്യണ്ട വിഷയമാണ്‘ ഹൈബി ഈഡൻ ലോക്‌സഭാ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ വ്യക്തമാക്കി.
മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഹൈബി പറഞ്ഞു. സംഭവത്തെ ‘വർഗീയ അധിക്ഷേപം’ എന്ന് വിളിക്കുകയും ചെയ്‌തു. ആക്രമണത്തെ അപലപിക്കുക, ഇരകൾക്ക് നീതി ഉറപ്പാക്കുക, ന്യൂനപക്ഷ സമുദായങ്ങളുടെയും മതപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ, കുറ്റവാളികൾക്കെതിരായ നടപടി, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം എന്നിവ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്‌ച ഒഡിഷയിലെ ജലേശ്വർ ഗ്രാമത്തിൽ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം. പുരോഹിതരുടെ ബൈക്ക് തള്ളിയിട്ട അക്രമികള്‍ ഇരുവരെയും മര്‍ദിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ ചിലരെ ബംഗാളിയിൽ സംസാരിച്ചു എന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ഇത് വിഭജനത്തിനും വിവേചനത്തിനും കാരണം ആകുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
“ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂൾ പ്രകാരം ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട ഭാഷയാണ് ബംഗ്ല. എന്നാൽ അംഗീകരിക്കുന്നതിന് പകരം പൊലീസ് ബംഗ്ലയെ ബംഗ്ലാദേശി ഭാഷ എന്ന് പരാമർശിച്ചു” എന്ന് മാണിക്കം ടാഗോർ ആരോപിച്ചു. ബംഗാളി സംസാരിക്കുന്ന പൗരന്മാരുടെ സാംസ്‌കാരിക സ്വത്വത്തിനും അന്തസിനും നേരെയുള്ള ആക്രമണത്തിന് തുല്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളി സംസാരിക്കുന്ന ഇന്ത്യക്കാർ നേരിടുന്ന പീഡനം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവയാണ് സംഭവം പ്രതിഫലിപ്പിക്കുന്നത്. കൂടാതെ ഭരണഘടനയുടെ ആർട്ടിക്കിൾ 343 ൻ്റെയും എട്ടാം ഷെഡ്യൂളിൻ്റെയും വ്യക്തമായ ലംഘനവുമാണ്. “ബംഗ്ലാദേശി” എന്നൊരു ഭാഷയില്ലെന്ന് ഊന്നിപ്പറഞ്ഞ മാണിക്കം ടാഗോർ ഈ വിഷയം ഉടൻ ചർച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.