“ജീവിതപങ്കാളിയുടെ നിലപാടുകൾക്കനുസരിച്ചു മാത്രമേ ഒരു സ്ത്രീ മിണ്ടാനും കൂട്ട് കൂടാനും ഒക്കെ പാടുള്ളൂ എന്ന് ചിന്തിക്കുന്നവർ ഏത് നൂറ്റാണ്ടിൽ പാർപ്പുറപ്പിച്ചവരാണ്? “

0

കണ്ണൂർ  :ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ വിവാദത്തിൽ പ്രതികരിച്ച് കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസ്. ദിവ്യയുടെ പങ്കാളിയുടെ രാഷ്ട്രീയമാണ് വിവാദങ്ങൾക്ക് കാരണം. ദിവ്യ ചെയ്തത് സർവീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമല്ലെന്നും രാഗേഷും ദിവ്യയും തമ്മിലുള്ളത് നല്ല സൗഹൃദമാണെന്നും അവർ പറഞ്ഞു. പങ്കാളിയുടെ നിലപാട് അനുസരിച്ച് മാത്രമേ സ്ത്രീക്ക് കൂട്ടുകൂടാൻ പാടുള്ളൂവെന്ന ചിന്തിക്കുന്നവർ ഏതു നൂറ്റാണ്ടുകാരാണെന്ന് പ്രിയ വർഗീസ് ചോദിക്കുന്നു.

പ്രിയ വർഗ്ഗീസിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

“‘ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പരിഭാഷ വായിച്ചപ്പോഴാണ് ഡോ. ദിവ്യാ. എസ്. അയ്യർ എന്ന വ്യക്തിയോട് എനിക്ക് ആദ്യം ഇഷ്ടം തോന്നിയത്. ഉറച്ചവാക്കുകളിൽ തെളിമയോടെ സംസാരിക്കുന്ന കരുത്തുറ്റ സ്ത്രീകളോടെല്ലാം തോന്നുന്ന സ്നേഹം അവരോട് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. സി. എം. ഓ.യിൽ ഉണ്ടായിരുന്ന കാലത്തെ രാഗൂന്റെ പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ രാത്രി ഏതാണ്ട് 11/12 മണി വരെ നീളുന്നതായിരുന്നു. നമ്മുടെ തൊഴിൽ ഇടം പലപ്പോഴും കുടുംബസൗഹൃദങ്ങളുടേത് കൂടിയാവാറുണ്ട്. എന്റെയും രാഗുവിന്റെയും തൊഴിലിടങ്ങൾ മുൻപ് പലപ്പോഴും അങ്ങനെ തന്നെയായിരുന്നു. പക്ഷേ സി. എം.ഓ.യിലെ കാലം അങ്ങനെ സൗഹൃദങ്ങൾക്കോ യാത്രകൾക്കോ പോലുമുള്ള സാവ കാശം തീരെ ഇല്ലാത്ത ഒന്നായിരുന്നു. അതിനിടയിൽ വീണു കിട്ടിയ അപൂർവം ചില അവസരങ്ങളിൽ ഒന്നായിരുന്നു ദിവ്യാ എസ്. അയ്യരുമായുള്ള സൗഹൃദം. ദിവ്യയുടെ അച്ഛനും അമ്മയും ചേച്ചിയുമൊക്കെയായി പരിചയപ്പെടാൻ ലഭിച്ച അവസരം ഏറെ ഹൃദ്യമായിരുന്നു.മതവും രാഷ്ട്രീയവും ഒന്നും നോക്കിയാവരുതല്ലോ മനുഷ്യർ കൂട്ടു കൂടുന്നത്.
സി. എം. ഓയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരും അതിന്റെ തലവനായ മുഖ്യമന്ത്രിയുടെ പാദസേവകരാണ് എന്നത് ഫ്യൂഡൽ നൊസ്റ്റാൾജിയ മാറാത്തവരുടെ ഭാഷ യാണ്. അവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസും കവടിയാർ കൊട്ടാരവും തമ്മിലുള്ള വ്യത്യാസം ഇനിയും തിരിഞ്ഞു കിട്ടിയിട്ടില്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!പക്ഷേ ആധുനിക ബോധമുള്ളവർ പറയുക ആ ഓഫീസിൽ എല്ലാവരും മുഖ്യമന്ത്രിയുടെ സഹപ്രവർത്തകർ ആണെന്നാണ്. സഹപ്രവർത്തകരോട് ആധുനിക മനുഷ്യർ കാണിക്കുന്ന എല്ലാ സുജന മര്യാദകളും അങ്ങിനെയുള്ളവർ പരസ്പരം കാണിക്കുകയും ചെയ്യും. അതേ ഡോ. ദിവ്യാ എസ്. അയ്യരും ചെയ്തിട്ടുള്ളൂ. ഒരു സുഹൃത്ത്, സഹപ്രവർത്തക, കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ആ ഓഫീസിലെ സേവനം മതിയാക്കി പോകുമ്പോൾ ഒരു അഭിപ്രായം പറഞ്ഞു. നമ്മളെല്ലാവരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം. പക്ഷേ ചിലർക്ക് അതും വിവാദമാണ്!
ദിവ്യയുടെ ജീവിതപങ്കാളിയുടെ രാഷ്ട്രീയമാണ് വിമർശനങ്ങൾക്ക് ഒരു കാരണം. ജീവിതപങ്കാളിയുടെ നിലപാടുകൾക്കനുസരിച്ചു മാത്രമേ ഒരു സ്ത്രീ മിണ്ടാനും കൂട്ട് കൂടാനും ഒക്കെ പാടുള്ളൂ എന്ന് ചിന്തിക്കുന്നവർ ഏത് നൂറ്റാണ്ടിൽ പാർപ്പുറപ്പിച്ചവരാണ്!തന്റെ സർവീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യമേയല്ല ഐ. എ. എസ് ഓഫീസറായ ദിവ്യ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പി. എസ് എന്നത് ‘ഗവണ്മെന്റ് സർവീസി’ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പദവി ആണല്ലോ. ആ പദവിയിൽ ഇരുന്ന ഒരാളെക്കുറിച്ച്, ആ പദവിയിൽ ഇരുന്ന കാലയളവിനെക്കുറിച്ചാണല്ലോ ദിവ്യയുടെ അഭിപ്രായപ്രകടനം!മുൻപ് മുഖ്യമന്ത്രിയെക്കുറിച്ചും രാധാകൃഷ്ണൻ സഖാവിനെക്കുറിച്ചും ദിവ്യ. എസ്. അയ്യർ ഇത്തരത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയപ്പോഴും കേരളീയ പൊതുസമൂഹം ദർശിച്ച ഒരു പ്രവണത, ഒരു സ്ത്രീ എന്ന നിലക്ക് അതിനെ ചില പ്രത്യേക നോട്ടപ്പാടിൽ അവതരിപ്പിക്കുക എന്നതായിരുന്നു. വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടനവേളയിൽ മറ്റു ചില ഐ. എ. എസ് ഉദ്യോഗസ്ഥന്മാരും അന്നത്തെ ചീഫ് സെക്രട്ടറി ശ്രീ. വേണു ഐ. എ. എസ് ഉൾപ്പടെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. പക്ഷേ ദിവ്യ. എസ്. അയ്യരുടെ അഭിപ്രായപ്രകടനം മാത്രമാണ് ആക്രമണങ്ങൾക്കു ശരവ്യമായത്.അതിന് പിന്നിൽ നമ്മുടെ സമൂഹത്തിൽ വേരുറച്ച ആൺകോയ്മയും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ ശബ്ദം വേറിട്ട്‌ കേൾക്കുമ്പോൾ ഇവിടെ ചിലർക്ക് വിറ വരും. ഈ രോഗം ചികിത്സിച്ചു മാറ്റാനുള്ള ഉത്തരവാദിത്തം ആധുനികരായ എല്ലാ മനുഷ്യർക്കും ഉണ്ട്.സുവചസ്സായ സ്നേഹശീലയായ കരുത്തയായ എന്റെ സുഹൃത്തിന് ഐക്യദാർഡ്യം.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *