ഉദയനിധി ഇന്ന് ഹോർത്തൂസിൽ; ആസ്വാദകരെ കാത്ത് ഗൗരവമുള്ള ചർച്ചകളും കലാപരിപാടികളും
കോഴിക്കോട് ∙ മലയാള മനോരമ സംഘടിപ്പിക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസ് രണ്ടാം ദിനം വേദികളിൽ ആസ്വാദകരെ കാത്തിരിക്കുന്നത് ഗൗരവമുള്ള ചർച്ചകളും കലാപരിപാടികളും. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്നു ഹോർത്തൂസിൽ പങ്കെടുക്കും. ദ്രാവിഡ രാഷ്ട്രീയത്തിൽ തമിഴ് ഭാഷയും സാഹിത്യവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വേദി രണ്ടിൽ പകൽ 12.30നാണ് സെഷൻ. കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിലാണ് അരങ്ങേറുന്നത്. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.
എഴുത്തച്ഛൻ പുരസ്കാരപ്രഭ: ഹോർത്തൂസിൽ ആശംസത്തിര
നെഞ്ചിൽ കൈവച്ച് സന്തോഷം പങ്കിട്ടു. ശേഷം തലയുയർത്തി മുകളിലേക്ക് നോക്കി. ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം മനോരമ ഹോർത്തൂസ് കലാ– സാഹിത്യോത്സവത്തിലെ ചർച്ചാ വേദിയിൽ അപ്രതീക്ഷിതമായി അറിഞ്ഞപ്പോൾ ‘ഹിഗ്വിറ്റ’യുടെ കഥാകാരൻ വിജയഗോൾ നേടിയ ഫുട്ബോൾ താരത്തെപോലെ ആഹ്ലാദം കൊണ്ടു. കോഴിക്കോട് ബീച്ചിൽ ഹോർത്തൂസിലെ ‘മറ്റൊരു ഇന്ത്യ’ എന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ എൻ.എൻ.മാധവന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം പുറത്തു വന്നത്.
കഥാകാരന്റെ മായക്കാഴ്ചകൾ
എന്താണ് എഴുത്തിന്റെ ത്രിൽ? എഴുത്തിന്റെയും വായനയുടെയും ത്രിൽ ആദ്യവസാനം നിലനിർത്തുന്നതിനുള്ള സൂത്രവാക്യങ്ങൾ എന്തൊക്കെയാണ്? കഥയുടെയോ പാത്രസൃഷ്ടിയുടെയോ വിത്ത് മനസ്സിൽ ആദ്യം വീഴുന്ന നിമിഷത്തിനോ രചന പൂർത്തിയാകുമ്പോഴുള്ള ആഹ്ലാദത്തിനോ ത്രിൽ കൂടുതൽ? ത്രില്ലറുകൾക്കാണോ കൂടുതൽ ത്രിൽ? ചോദ്യങ്ങൾക്കുള്ള ഉത്തരമായി കഥാകാരന്റെ മനോവ്യാപാരങ്ങളിലെ മായക്കാഴ്ചകളും ആകസ്മികതകളും പങ്കുവച്ച് ഹോർത്തൂസിന്റെ വേദിയെ ത്രില്ലടിപ്പിച്ച് മധുശങ്കർ മീനാക്ഷി, മാനുവൽ ജോർജ്, ഷംസുദ്ദീൻ മുബാറക്, ടി.പി.ശ്രീജേഷ് എന്നിവർ. ‘എഴുത്തിലെ ത്രില്ലും കഥ എന്ന ത്രില്ലറും’ എന്ന വിഷയത്തിലൂന്നിയുള്ള ചർച്ചയിലാണു നാലു പേരും ഒരുമിച്ചത്.
ഓരോ സ്ഥലത്തിനും കാലത്തിനും അനുയോജ്യമായി മാറ്റിത്തീർത്തു പ്രയോഗിക്കേണ്ടതാണ് മാർക്സിസമെന്ന് ഗ്രോവാസു. ലെനിനും മാവോയും അതു ചെയ്തു. 1967-ൽ ഇന്ത്യയിലും ശ്രമമുണ്ടായി. പക്ഷേ അതിന് അനുകൂലമായ ഒരു സമര സാഹചര്യം ഉണ്ടായില്ല. ഇന്ത്യയിൽ അതു സാധ്യമാകണമെങ്കിൽ ജാതി സമ്പ്രദായത്തിൽ നിന്നു തുടങ്ങണം. മാർക്സിസവും ലെനിനിസവും ഉണ്ടായതു കൊണ്ടു മാത്രം ഒരു രാജ്യത്തും വിപ്ലവമുണ്ടാകില്ല. അതുമാറ്റിത്തീർക്കാൻ ആളുണ്ടാകുക എന്നതാണ് കാര്യം. ‘എതിർപ്പ് ഓരോ ശ്വാസത്തിലും’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.