സ്വിങ് സ്റ്റേറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫലസൂചന ട്രംപിന് അനുകൂലം; ഒന്നും ഉറപ്പിക്കാറായില്ല
വാഷിങ്ടൻ∙ പെൻസിൽവേനിയ- ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകമായി വിലയിരുത്തപ്പെടുന്ന സ്വിങ് സ്റ്റേറ്റ്. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകൾ ഒട്ടുമേ ഇല്ലാതിരുന്ന പെൻസിൽവേനിയയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യ മണിക്കൂറിൽ ട്രംപിനൊപ്പമെന്ന സൂചനയാണ് നൽകിയത്. 19 ഇലക്ടറൽ കോളജ് വോട്ടുകളാണ് പെൻസിൽവേനിയയ്ക്കുളളത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയ ആദ്യ നാലുമണിക്കൂറുകളിൽ ട്രംപാണ് മുന്നേറ്റം തുടരുന്നത്.
ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റിപ്പബ്ലിക്കൻ കേന്ദ്രമായ സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവന്നത് എന്നതുതന്നെയാണ്. ഫ്ളോറിഡ, ടെക്‌സസ്, ഇൻഡ്യാന, കെന്റക്കി സംസ്ഥാനങ്ങൾ വ്യക്തമായ റിപ്പബ്ലിക്കൻ ചായ്‌വുള്ള സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ഫലം അന്തിമമായി കണക്കാക്കാൻ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സങ്കീർണത അറിയുന്ന രാഷ്ട്രീയ നിരീക്ഷകരാരും തയാറായിട്ടില്ല. ഡെമോക്രാറ്റിക് കേന്ദ്രങ്ങളായ വാഷിങ്ടൻ, കലിഫോർണിയ, വെർമോണ്ട് എന്നിവിടങ്ങളിൽ കമല തന്നെയാണ് മുന്നിൽ. അതിനാൽ ആദ്യ മണിക്കൂറിലെ ഫല സൂചനകൾ വിജയി ആരെന്നുറപ്പിക്കാൻ പര്യാപ്തമല്ലെന്നാണു വിലയിരുത്തൽ.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ 7 സ്വിങ് സ്റ്റേറ്റുകളിൽ നിലവിൽ ആറിലും ട്രംപ് മുന്നേറ്റം തുടരുന്നു. പെൻസിൽവേനിയക്കും നോർക്ക് കാരോലൈനയ്ക്കും പുറമേ 16 ഇലക്ടറൽ വോട്ടുകളുള്ള ജോർജിയയിൽ മുന്നേറ്റം നിലനിർത്താനായാൽ ട്രംപിന്റെ വിജയം അനായാസമാകും. മിഷിഗനിലും കടുത്ത പോരാട്ടമാണ്. തുടക്കത്തിൽ ഇവിടെ കമലയാണ് മുന്നേറിയതെങ്കിൽ പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. അരിസോനയിലും വിസ്കോൻസെനിലും നേരിയ മുൻതൂക്കമാണ് ട്രംപിന്. പകുതിയിലധികം വോട്ടുകളും ഈ സംസ്ഥാനങ്ങളിൽ എണ്ണിക്കഴിഞ്ഞു.