ബഹിരാകാശത്തിരുന്ന് ഇന്ത്യ എല്ലാം കാണും;ബഹിരാകാശ നിലയത്തിന്റെ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തി ISRO
സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുകയെന്നത് ഇന്ത്യയുടെ സ്വപ്‌നപദ്ധതിയാണ്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ജോലികളിലാണ്. ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ (ബിഎഎസ്) എന്നാണ് ഇന്ത്യ നിര്‍മിക്കാന്‍ പോവുന്ന ബഹിരാകാശ നിലയത്തിന് പേര്. ഇന്ത്യന്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഐഎസ്ആര്‍ഒ.
51.5 ഡിഗ്രി ചരിവുള്ള (inclination) ഭ്രമണപഥത്തിലാണ് ഇന്ത്യന്‍ ബഹിരാകാശ നിലയം സഞ്ചരിക്കുകയെന്ന് ഐഎസ്ആര്‍ഒ പറയുന്നു. നാസയുടെയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റേയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) സമാനമായ ഭ്രമണപഥമാണിത്. 51.6 ഡിഗ്രി ചരിവിലാണ് ഐഎസ്എസ് ഭൂമിയെ ചുറ്റുന്നത്. ഭൂമധ്യരേഖയെ ലംബമാക്കിയെടുത്താണ് (90ഡിഗ്രി) ഈ കോണ്‍ അളക്കുന്നത്. ബഹിരാകാശ പേടകങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്.
ഭാവിയില്‍ ലോകരാജ്യങ്ങളുമായുള്ള സഹകരണവും ശാസ്ത്രീയ ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണ് ഇന്ത്യ 51.5 ഭ്രമണപഥം തിരഞ്ഞെടുത്തത്. മാത്രവുമല്ല മനുഷ്യവാസമുള്ള 90 ശതമാനം മേഖലയിലൂടെയും കടന്നുപോവാന്‍ 51.5 ഡിഗ്രി ഭ്രമണപഥത്തില്‍ നിന്ന് സാധിക്കും. ഉയര്‍ന്ന കോണിലുള്ള ചരിവ് ധ്രുവപ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഭൗമ നിരീക്ഷണത്തിന് ഉപകരിക്കും. ലോകമെമ്പാടുമുള്ള ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഉപഗ്രഹങ്ങളുടെ ബന്ധം നിലനിര്‍ത്തുന്നതിനും ഇത് സഹായകമാണ്. ചൈനയുടെ ട്യാങ്‌ഗോങ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത് 42 ഡിഗ്രി ചരിവിലാണ്.
2030 ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിക്കാനും ഭ്രമണ പഥത്തില്‍ നിന്ന് മാറ്റാനുമാണ് നാസ ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ ആ സ്ഥാനത്തേക്ക് ഇന്ത്യയുടെ ബഹിരാകാശ നിലയം എത്തും. 2035 ഓടെ ബിഎഎസ് യാഥാര്‍ത്ഥ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
എന്നാല്‍ ഈ ഭ്രമണ പഥത്തില്‍ ബഹിരാകാശ നിലയം സ്ഥാപിച്ചാല്‍ അതിന് മറ്റ് ചില വെല്ലുവിളികളുമുണ്ട്. നിലവില്‍ ഐഎസ്എസിലേക്ക് ബഹിരാകാശ സഞ്ചാരികളെത്തുന്ന റഷ്യന്‍ സോയൂസ് പേടകം വിക്ഷേിക്കുന്ന ബൈക്കൊനൂര്‍ കോസ്‌മോഡ്രോം ഐഎസ്എസിന്റെ ഭ്രമണപഥത്തിലേക്ക് സുഗമമായി വിക്ഷേപണം നടത്താന്‍ പറ്റിയ അക്ഷാംശത്തിലാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിക്ഷേപണങ്ങള്‍ നടത്തുമ്പോള്‍ പേടകത്തിന്റെ ഭ്രമണപഥത്തില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതായിവരും. അതിനുള്ള കൃത്യതയുള്ള സാങ്കേതികവിദ്യ ആവശ്യമാണ്. അധിക ഇന്ധന ചെലവും വരും.