ഷിരൂരിലേത് രാജ്യത്തിനു മാതൃകയായ ദൗത്യം; ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട് ∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി തിരച്ചിൽ ഊർജിതമാക്കുന്നതിനായി ആരംഭിച്ച ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു. ഗംഗാവലി പുഴയിൽ കാണാതായ അർജുനെ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്ന പ്രതിഷേധത്തെ തുടർന്ന്, ഈ രംഗത്തെ മുഴുവൻ ട്രേഡ് യൂണിയനുകളും ഉടമകളുടെ സംഘടനകളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് കമ്മിറ്റി രൂപീകരിച്ചത്. പ്രവർത്തനം ലക്ഷ്യം കണ്ടതിനെതുടർന്ന് കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിനു മാതൃകയായ പ്രവർത്തനത്തിൽ പങ്കാളികളായവർക്കു കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
കുടുംബത്തിന്റെ അഭിപ്രായത്തെ തുടർന്നാണു തിരച്ചിൽ പുനഃരാരംഭിക്കാൻ കർണാടക സർക്കാരിൽ ഇടപെടുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനും എം.കെ.രാഘവൻ എംപിക്കും നേരിട്ടു നിവേദനം നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്കും ഇ–മെയിൽ അയയ്ക്കുകയും ചെയ്തു. കമ്മിറ്റിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് അംഗങ്ങൾ സ്വയം നൽകിയതാണ്. ലോറി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സംയുക്ത ട്രേഡ് യൂണിയനുകളും ഉടമകളും നടത്തിവരുന്ന പ്രക്ഷോഭത്തിൽ അണിചേരാനും തീരുമാനിച്ചു. അർജുന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽനിന്നു പിന്തിരിയണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.