‘പൊതുജീവിതത്തിൽ കളങ്കം വീഴ്ത്തിയ വാർത്ത; പച്ചില കാണിച്ച് വിരട്ടാമെന്ന് കരുതണ്ട, അന്വേഷണം വേണം’
തിരുവനന്തപുരം∙ കൂറുമാറാൻ തോമസ് കെ.തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ. ആരോപണം തള്ളിയ കുഞ്ഞുമോൻ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ആന്റണി രാജുവുമായോ, തോമസ് കെ.തോമസുമായോ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‘‘യുഡിഎഫിൽ നിന്ന് വാഗ്ദാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിൽ അടിയുറച്ച് വിശ്വസിക്കുന്നതുകൊണ്ട് ഞാൻ പോയിട്ടില്ല. യുഡിഎഫിൽ പോയിരുന്നെങ്കിൽ മന്ത്രിസ്ഥാനം, ഡപ്യൂട്ടി സ്പീക്കർ സ്ഥാനം തുടങ്ങി ഒരുപാട് കാര്യങ്ങൾ എനിക്ക് കിട്ടുമായിരിന്നു.
ഞാൻ ചെങ്കൊടി പിടിച്ച പ്രസ്ഥാനത്തിലാണ് ജീവിച്ചത്. എന്നെ അഞ്ചുപൈസ തന്ന്, പച്ചില കാണിച്ച് വിരട്ടാമെന്ന് ആരും കരുതണ്ട. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണം. ഇതെന്റെ പൊതുജീവിതത്തിൽ കളങ്കം വീഴ്ത്തിയ വാർത്തയാണ്. അർഹതപ്പെട്ടതൊന്നും എനിക്കോ, എന്റെ പ്രസ്ഥാനത്തിനോ കിട്ടിയില്ല. ആരെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താൽ അതിന്റെ പിന്നാലെ പോകുന്ന ആളല്ല. പൊതു ജീവിതം ആരംഭിച്ചിട്ട് 35 വർഷമായി. ഇതുവരെ ഒരു കളങ്കവും ഏൽപ്പിച്ചിട്ടില്ല. ഇവിടുത്തെ ജനത്തിനും അതറിയാം. ഓലപ്പാമ്പുകാട്ടി എന്നെ വിരട്ടണ്ട. പച്ചയായ മനുഷ്യനെ നിമിഷങ്ങൾ കൊണ്ട് സമൂഹം വലിച്ചുകീറുന്ന അവസ്ഥയാണ്.
ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം സർക്കാർ നടത്തണം, അതിനുവേണ്ടി സർക്കാരിനെ സമീപിക്കും.’’ കുഞ്ഞുമോൻ പറഞ്ഞു.എൻസിപി (ശരദ് പവാർ) എംഎൽഎ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്, അദ്ദേഹം 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണമെന്നാണ് ആരോപണം. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി.