ഒഡീഷയിൽ ചുഴലിക്കാറ്റ് ഭീഷണി, ജൂനിയർ അത്‌ലറ്റിക്സ് മാറ്റി; യാത്ര മുടങ്ങി കേരള ടീം
തൊടുപുഴ/കോട്ടയം ∙ ഭുവനേശ്വറിൽ 25 മുതൽ തുടങ്ങാനിരുന്ന 39–ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്നു മാറ്റി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡീഷ തീരത്ത് ചുഴലിക്കാറ്റായി ശക്തിപ്പെടുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ 29 വരെയാണ് മീറ്റ് നിശ്ചയിച്ചിരുന്നത്. ഐഎസ്എൽ മത്സരങ്ങൾ കൂടി നടക്കുന്ന സ്റ്റേഡിയമായതിനാൽ മീറ്റിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി ഭുവനേശ്വറിലേക്കു സിൽചർ അരോണി എക്സ്പ്രസിൽ യാത്ര തുടങ്ങിയ 12 മലയാളി അത്‌ലീറ്റുകൾ കോട്ടയത്ത് യാത്ര അവസാനിപ്പിച്ചു.
തിരുവനന്തപുരം മുതലുള്ള കായികതാരങ്ങളാണു കോട്ടയത്ത് ഇറങ്ങി തിരികെ നാട്ടിലേക്കു മടങ്ങിയത്. ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയപ്പോഴാണ് മീറ്റ് മാറ്റിയ വിവരം താരങ്ങളറിഞ്ഞത്. കോട്ടയത്തിറങ്ങിയ ഇവർ അടുത്ത ട്രെയിനിൽ തിരികെ മടങ്ങി.മറ്റു സ്റ്റേഷനുകളിൽ കാത്തു നിന്നവരെയും വീടുകളിലേക്കു മടക്കി അയച്ചെന്ന് കേരള അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.ചന്ദ്രശേഖരൻ പിള്ള അറിയിച്ചു. ഇന്നലെ രാത്രി 7.30നു ഓൺലൈൻ യോഗം കൂടിയാണ് മീറ്റ് മാറ്റിവയ്ക്കാൻ ഫെഡറേഷൻ തീരുമാനിച്ചത്. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗത്തിൽ കരയിൽ പ്രവേശിക്കുന്നതിനാൽ ഭുവനേശ്വറിനെയും ചുഴലിക്കാറ്റ് ബാധിക്കും എന്നാണ് വിലയിരുത്തൽ.