‘കേരളത്തിൽ 50 കോടിക്ക് എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയിട്ട് എന്തു ചെയ്യാൻ; ആരോപണം ആളുകളെ കബളിപ്പിക്കാൻ’
തിരുവനന്തപുരം∙ നൂറുകോടിയുടെ കോഴ ആരോപണം ആളുകളെ കബളിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. പ്രചാരണം ആരെ ലക്ഷ്യം വച്ചിട്ടാണെന്ന് അറിയില്ലെന്നും ബിജെപിക്ക് വിഷയത്തിൽ മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേന്ദ്രൻ അറിയിച്ചു.‘‘എൻസിപിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ശശീന്ദ്രനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്നത്. ശശീന്ദ്രനെ മന്ത്രിയാക്കി നിർത്തിയാൽ ആ വകുപ്പ് പൂർണമായും സിപിഎമ്മിനു ഭരിക്കാം. തോമസ് കെ.തോമസും തോമസ് ചാണ്ടിയും കുട്ടനാട് ജയിച്ചത് എങ്ങനെയാണ്. വലിയ പണം ഇറക്കിയിട്ടാണ്. .ഇത് എൻസിപിയുടെ ആഭ്യന്തര തർക്കമാണ്.’’ – സുരേന്ദ്രൻ ആരോപിച്ചു. ‘‘ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണ്. 50 കോടി രൂപ കൊടുത്ത് എംഎൽഎമാരെ കേരളത്തിൽ വിലയ്ക്കുവാങ്ങിയിട്ട് എന്തുചെയ്യാനാണ്. സർക്കാർ ഉണ്ടാക്കാൻ സാധിക്കുമോ? അടിസ്ഥാന രഹിതമായ പ്രചാരണമാണ്. അവർക്ക് ശശീന്ദ്രനെ നിലനിർത്തി വനംവകുപ്പിൽ ഇടപാട് നടത്തണം. ശശീന്ദ്രന് മന്ത്രിസ്ഥാനം മാത്രം മതി. അവിടെ നടക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല.’’ സുരേന്ദ്രൻ പറഞ്ഞു.