പലിശയിൽ തൊടാതെ വീണ്ടും ആർബിഐ; ഇഎംഐ ഭാരം കുറയില്ല, ‘നിലപാട്’ ഇനി ന്യൂട്രൽ
സർപ്രൈസ് ഉണ്ടായില്ല! പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരും. വ്യക്തിഗത, വാഹന, ഭവന, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം ഇഎംഐ ഭാരം കുറയാൻ ഇനിയും കാത്തിരിക്കണം.പണപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിച്ചാണ് നിരക്കുകൾ നിലനിർത്താൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) തീരുമാനിച്ചത്.
2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കിൽ എംപിസി തൊട്ടിട്ടില്ല. എംപിസിയിൽ മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങൾ ചേർന്ന ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇത്.എംപിസിയിൽ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ ആഷിമ ഗോയൽ, മലയാളിയായ പ്രഫ. ജയന്ത് വർമ, ശശാങ്ക ഭീഡെ എന്നിവരുടെ പ്രവർത്തന കാലാവധി ഈ മാസം 4ന് അവസാനിച്ചിരുന്നു. പ്രഫ. രാം സിങ്, ഡോ. നാഗേഷ് കുമാർ, സൗഗത ഭട്ടാചാര്യ എന്നിവരാണു പുതിയ അംഗങ്ങൾ.
നിലപാടിൽ മാറ്റംഎംപിസിയുടെ നയങ്ങളെ സ്വാധീനിക്കുന്ന നിലപാടിൽ മാറ്റംവരുത്താൻ തീരുമാനിച്ചു എന്നതാണ് ഇത്തവണ യോഗത്തിന്റെ ശ്രദ്ധേയ നീക്കം. ‘വിത്ഡ്രോവൽ ഓഫ് അക്കോമഡേഷൻ’ എന്നതിൽനിന്ന് ‘ന്യൂട്രൽ’ എന്നതിലേക്കാണു നിലപാടു മാറ്റിയത്.സാഹചര്യത്തിന് അനുസരിച്ചു പലിശനിരക്ക് കൂട്ടാനോ കുറയ്ക്കാനോ തീരുമാനിക്കാവുന്ന നിലപാടാണിത്. പലിശനിരക്ക് കുറച്ചു പണലഭ്യത വർധിപ്പിക്കാൻ അനുകൂലമായ നിലപാടായിരുന്നു ‘അക്കോമഡേറ്റീവ്’. ഇതിൽനിന്ന് ന്യൂട്രലിലേക്ക് മാറിയതോടെ, ഇനി സാഹചര്യം പ്രതികൂലമായാൽ പലിശനിരക്ക് കൂട്ടാനും എംപിസിക്ക് കഴിയും.ഹോക്കിഷ് (Hawkish) നിലപാടിലേക്കു കൂടി കേന്ദ്രബാങ്കുകൾ കടക്കാറുണ്ട്. പണപ്പെരുപ്പം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യങ്ങളിൽ പലിശനിരക്ക് കുത്തനെ കൂട്ടി പണലഭ്യതയ്ക്കു കടിഞ്ഞാണിടുന്ന നിലപാടാണിത്.