കയ്യിൽ ചുവന്ന തോർത്ത്, കഴുത്തിൽ ഡിഎംകെ ഷാൾ: സഭയിലെത്തി പി.വി.അൻവർ; ഇന്നും മുഖ്യമന്ത്രിയില്ല

0

തിരുവനന്തപുരം∙  വിവാദങ്ങൾക്കും എൽഡിഎഫിൽ നിന്നുള്ള പുറത്തുപോകലിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമസഭയിലെത്തി. കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ സഭയിലെത്തിയത്. കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞിട്ടുണ്ട്. കെ.ടി.ജലീലിനൊപ്പം എത്തിയ അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച്, പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയില്‍, ലീഗ് എംഎൽഎ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്റെ ഇരിപ്പിടം. അൻവർ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.

നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവരും അൻവറിന് കൈകൊടുത്തു.അതേസമയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. രാവിലെ സഭയില്‍ എത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു.സഭയില്‍ പ്രതിപക്ഷം ഇന്ന് തൃശൂര്‍ പൂരം വിഷയം ഉന്നയിക്കും.ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കും. ഈ നടപടിയില്‍നിന്നു പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ അവതാരകന്‍ മുഖ്യമന്ത്രിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *