രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കണം : കേന്ദ്ര അഭ്യന്തരമന്ത്രി

0

ന്യൂഡൽഹി: രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിൽ ഇത്തരം കേസുകളില്‍ പ്രതിയുടെ അസാന്നിധ്യത്തിലും വിചാരണയ്ക്കുള്ള വ്യവസ്ഥകൾ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാരിന്‍റെ പ്രതിനിധി സംഘത്തോടൊപ്പം ചര്‍ച്ച നടത്തുകയായിരുന്നു അമിത് ഷാ.

ഇന്‍റര്‍ – ഓപ്പറബിൾ ക്രിമിനൽ ജസ്‌റ്റിസ് സിസ്‌റ്റം (ICJS) പ്രകാരം അനുവദിക്കുന്ന ഫണ്ടുകൾ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി കർശനമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അമിത് ഷാ മധ്യപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രിവിലേജ് ഇല്ലാത്ത പൗരന്‍മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് ശക്തമായ നിയമസഹായ സംവിധാനം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. ദരിദ്രർക്ക് ശരിയായ നിയമ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിലെടുത്ത വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ഇലക്‌ട്രോണിക് ഡാഷ്‌ബോർഡിൽ പൊലീസ് സൂക്ഷിക്കണം. പിടിച്ചെടുക്കുന്ന സാധനങ്ങളുടെ പട്ടികയും കോടതികളിലേക്ക് അയയ്ക്കുന്ന കേസുകളുടെ വിശദാംശങ്ങളും ഡാഷ്‌ബോർഡിൽ ലഭ്യമാക്കണം. ഈ കാര്യങ്ങളിൽ തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആഭ്യന്തര മന്ത്രി നിർദേശിച്ചു.

ഇ-സമ്മന്‍സ് നടപ്പിലാക്കുന്നതിൽ മധ്യപ്രദേശ് മാതൃകയാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് ഇത് സന്ദർശിക്കാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. സമയബന്ധിതമായി നീതി ലഭ്യമാക്കുക എന്നതായിരിക്കണം മുൻ‌ഗണന എന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ബോധവൽക്കരിക്കണമെന്ന് അമിത് ഷാ ഡിജിപിയോട് നിർദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *