സാധാരണക്കാരിയായി ‘ആൾമാറാട്ടം’, വനിതാ എസിപിയുടെ ഓട്ടോ യാത്ര

0

ദില്ലി: സാധാരണ വസ്ത്രം ധരിച്ച്, വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആൾമാറാട്ടം. ഉത്തർപ്രദേശിലെ ആ​ഗ്ര ന​ഗരത്തിലാണ് സംഭവം. ന​ഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനാണ് വനിതാ ഉദ്യോ​ഗസ്ഥ വേഷം മാറി രാത്രിയിൽ പുറത്തിറങ്ങിയത്. നഗരത്തിലെ സ്ത്രീ സുരക്ഷ പരിശോധിക്കാൻ രാത്രി വൈകി ഓട്ടോയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തായിരുന്നു പരീക്ഷണം.

എസിപി സുകന്യ ശർമയാണ് ന​ഗരത്തിലൂടെ ഒറ്റക്ക് സഞ്ചരിച്ചത്. എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം നമ്പർ വിലയിരുത്താൻ സുകന്യ ശർമ്മയും 112 എന്ന നമ്പറിൽ വിളിച്ചു. രാത്രി ഏറെ വൈകിയതിനാൽ പൊലീസിൻ്റെ സഹായം ആവശ്യമാണെന്നും വിജനമായ വഴി കാരണം ഭയമാണെന്നും അവർ പൊലീസിനോട് പറഞ്ഞു. ഹെൽപ്പ് ലൈൻ ഓപ്പറേറ്റർ അവരോട് സുരക്ഷിതമായ സ്ഥലത്ത് നിൽക്കാൻ ആവശ്യപ്പെടുകയും എവിടെയാണെന്ന് വിവരമറിയിക്കുകയും ചെയ്തു.

തുടർന്ന് വനിതാ പട്രോളിംഗ് ടീമിൽ നിന്ന് കോൾ ലഭിക്കുകയും അവർ അവളെ കൊണ്ടുപോകാൻ വരുന്നുവെന്ന് അറിയിക്കുകയും ചെയ്തു. താൻ എസിപിയാണെന്നും എമർജൻസി റെസ്‌പോൺസ് സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുകയാണെന്നും സുകന്യ പൊലീസിനെ അറിയിച്ചു. തുടർന്ന് സ്ത്രീ സുരക്ഷ പരിശോധിക്കാൻ ഓട്ടോയിൽ കയറി. ഡ്രൈവറോട് താൻ ഇറങ്ങുന്ന സ്ഥലം പറഞ്ഞുകൊടുത്ത് യാത്രാക്കൂലി പറഞ്ഞതിന് ശേഷം ഓട്ടോയിൽ കയറുകയും ചെയ്തു.

താനാരാണെന്ന് വെളിപ്പെടുത്താതെ നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഓട്ടോ ഡ്രൈവറോട് തിരക്കി. ന​ഗരത്തിൽ പൊലീസ് പരിശോധനയുണ്ടെന്നും തുടർന്നാണ് യൂണിഫോമിൽ ഓട്ടോ ഓടിക്കാൻ തുടങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു. ഡ്രൈവർ അവരെ സുരക്ഷിതമായി പറഞ്ഞ സ്ഥലത്ത് ഇറക്കുകയും ചെയ്തു. വാർത്ത പുറത്തായതിന് പിന്നാലെ, ആക്ടിവിസ്റ്റ് ദീപിക നാരായൺ ഭരദ്വാജ് സുകന്യയെ പ്രശംസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *