‘കരുതലും കൈത്താങ്ങും’ പരാതികളില്‍ ഉടന്‍ നടപടി

0

കൊല്ലം:  ‘കരുതലും കൈത്താങ്ങും’ ബാക്കി പരാതികളില്‍ ഉടന്‍ നടപടി; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
ജില്ലയില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകളില്‍ ബാക്കി പരാതികളില്‍ കൂടി ഉടന്‍ പരിഹാരം കാണുമെന്നും ഫെബ്രുവരി 25 നകം എല്ലാ അപേക്ഷകളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭ്യമാക്കണം, അതിര്‍ത്തിനിര്‍ണയം, ഭൂമി തരം മാറ്റല്‍ തുടങ്ങിയവ സമയബന്ധിതമായി നടത്തി ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മൈനാഗപ്പള്ളി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യങ്ങളില്‍ പ്രോട്ടീന്‍ പൗഡര്‍, സ്റ്റിറോയ്ഡ് എന്നിവയുടെ ഉപയോഗം പരിശോധിക്കാനും കോസ്മെറ്റിക്സ് ഷോപ്പുകളില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും ഇവയുടെ ഗുണനിലവാരം പരിശോധിക്കാനും നടപടി വേണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി എസ്. ബുഹാരി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ചൂട് രൂക്ഷമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ആവശ്യമായ ബോധവത്ക്കരണവും മുന്നറിയിപ്പ് നിര്‍ദേശങ്ങളും നല്‍കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി.എ സജിമോന്‍ പറഞ്ഞു. കിഴക്കന്‍ മേഖലയിലെ വന്യജീവി ശല്യത്തിന് പരിഹാരവും മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും അറിയിച്ചു.

കുണ്ടറയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും പഞ്ചായത്ത് വഴി ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്ന പ്രവര്‍ത്തനം ഉടനെ ആരംഭിക്കണമെന്നും പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. കൂടാതെ എം.എല്‍.എ ഫണ്ട് പ്രവര്‍ത്തികളിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ആവശ്യപെട്ടു. കടല്‍ മണല്‍ ഖനനം ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജില്ലയിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നും ആവശ്യമുള്ള മത്സ്യം ലഭിക്കാതെ വരുമെന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍. കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ പ്രമേയം അവതരിപ്പിച്ചു. തൊടിയൂര്‍ രാമചന്ദ്രന്‍ പിന്തുണച്ചു.

എം.സി റോഡിലെ സ്ഥിരം അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക, കെ.ഐ.പി കനാലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ നടത്തുക, ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിക്കാത്തതില്‍ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ഉന്നയിച്ചു. കരുനാഗപ്പള്ളിയിലെ ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ അപകടം പതിവായ വിഷയം കെ സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ ഉന്നയിച്ചപ്പോള്‍ അടിയന്തരമായി സുരക്ഷാ ബോര്‍ഡുകളും ദിശാസൂചന ബോര്‍ഡുകളും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം കര്‍ശന നിര്‍ദേശം നല്‍കി.

ജില്ലയുടെ സമഗ്ര വികസനത്തിന് ദിശാബോധം നല്‍കുന്ന ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ഉപസമിതികള്‍ സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ തദ്ദേശ- ജില്ലാതലങ്ങളില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി അഭിപ്രായ രൂപീകരണം നടത്തും. ഇതിനു മുന്നോടിയായി പുതുക്കിയ കരട് അധ്യായം സമര്‍പ്പിക്കാത്ത ഉപസമിതികളോട് ഉടനെ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *