നിങ്ങളെക്കാള്‍ ഞാന്‍ വേദനിക്കുന്നു ;ദേവര റിലീസിന് രണ്ട് ദിവസം മാത്രം

0

ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള യുവ താരങ്ങളില്‍ ഒരാളാണ് ജൂനിയര്‍ എന്‍ടിആര്‍. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ദേവര പാര്‍ട്ട് 1 ഈ മാസം 21 ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ഹൈദരാബാദില്‍ ഒരു പ്രീ റിലീസ് ഇവെന്‍റ് നടത്താന്‍ അണിയറക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാല്‍ അളവില്‍ കവിഞ്ഞ് ജനക്കൂട്ടം എത്തിയതിനാല്‍ ഈ പരിപാടി റദ്ദാക്കപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജൂനിയര്‍ എന്‍ടിആര്‍ ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയില്‍ ജൂനിയര്‍ എന്‍ടിആറും പങ്കെടുക്കേണ്ടിയിരുന്നതാണ്. എന്നാല്‍ പരിപാടി നടക്കേണ്ടിയിരുന്ന ഓഡിറ്റോറിയത്തിലേക്ക് എല്ലാ വാതിലുകളിലൂടെയും ജനക്കൂട്ടം ഇരച്ച് കയറിയതോടെ പരിപാടി ഒഴിവാക്കാനാണ് ജൂനിയര്‍ എന്‍ടിആറിന് ലഭിച്ച ഉപദേശം.

പരിപാടിയില്‍ മുഖ്യാതിഥി ആവേണ്ടിയിരുന്ന സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിന് ഇതേ കാരണത്താല്‍ മടങ്ങേണ്ടിവന്നു. ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ പല മടങ്ങ് ജനം എത്തിയതാണ് പരിപാടി റദ്ദാകാനുള്ള കാരണം.

എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം നല്‍കിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍. വീഡിയോ സന്ദേശമാണ് ജൂനിയര്‍ എന്‍ടിആര്‍ പുറത്തിറക്കിയത്.

“ദേവരയുടെ പ്രീ-റിലീസ് ഇവന്‍റ് റദ്ദാക്കിയത് എനിക്ക് വേദനയുണ്ടാക്കി, അത് നിങ്ങളെക്കാള്‍ എന്നെ വേദനിപ്പിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. നിങ്ങളെ നേരിൽ കാണാനും, ദേവരയുടെ യാത്ര നിങ്ങളുമായി പങ്കിടാനും ഞാൻ ആഗ്രഹിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഞങ്ങൾക്ക് അത് റദ്ദാക്കേണ്ടിവന്നു, ” ആരാധകര്‍ക്കായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ തെലുങ്കിൽ പറഞ്ഞു.

കൊരട്ടല ശിവയാണ് ദേവരയുടെ രചനയും സംവിധാനവും. വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെപ്തംബര്‍ 27ന് പുലര്‍ച്ചെ 1 മണിക്കാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക തെലുങ്ക് സംസ്ഥാനങ്ങളിലെ 15 ല്‍ അധികം സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ 1 മണിക്കുള്ള പ്രദര്‍ശനങ്ങള്‍ നടക്കും. മറ്റ് തിയറ്ററുകളിലും മള്‍‌ട്ടിപ്ലെക്സുകളിലും പുലര്‍ച്ചെ 4 മണിക്കും ചിത്രം പ്രദര്‍ശനം ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *