അനധികൃത പണം: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതി സീൽ ചെയ്തു

ന്യുഡൽഹി:അനധികൃത പണം കണ്ടെത്തിയ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതി, ഡൽഹി പൊലീസ് പരിശോധന നടത്തി സീൽ ചെയ്തു. സംഭവത്തിൽ ഡൽഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ സീൻ മഹസർ തയ്യാറാക്കാത്തതടക്കം ഡൽഹി പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തൽ.
സമിതിയുടെ നിർദേശം അനുസരിച്ച് ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയിൽ പരിശോധന നടത്തി. മുറി സീൽ ചെയ്യുകയും വസതിയിലെ സുരക്ഷക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡൽഹിയിൽ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.