കോടികൾ മുടക്കി റോഡ് നിർമിച്ചിട്ടും തെങ്കാശിപ്പാതയിലെ ഇളവട്ടത്തെ വെള്ളക്കെട്ടിന് പരിഹാരമില്ല

പാലോട് : ശബരി പാക്കേജിൽ ഉൾപ്പെടുത്തി കോടികൾ മുടക്കി റോഡ് നിർമിച്ചിട്ടും തെങ്കാശിപ്പാതയിലെ ഇളവട്ടത്തെ വെള്ളക്കെട്ടിന് പരിഹാരമില്ല. കഴിഞ്ഞദിവസം പെയ്ത മഴയിൽ മണിക്കൂറുകളാണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടത്. ആംബുലൻസ് പോലും വെള്ളക്കെട്ടിൽ മണിക്കൂറുകൾ കിടന്നു. കാൽനാടക്കാർക്കുപോലും നടന്നു പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. കെഎസ്ആർടിസി ബസുകളും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളും റോഡിൽ കുടുങ്ങി. സ്കൂൾ ബസുകളും വെള്ളക്കെട്ടിൽപ്പെട്ടു. റോഡും തിരിച്ചറിയാനാകാത്തവിധം വെള്ളം കയറിയതിനാൽ വാഹനങ്ങൾ വെമ്പ് റോഡുവഴിയാണ് കടത്തിവിട്ടത്. സമീപത്തെ തോട് കരകവിഞ്ഞാണ് വെള്ളം പൊങ്ങുന്നത്. വെള്ളം ഒഴുകിപ്പോകാൻ കൃത്യമായി ഓടയില്ലാത്തതാണ് കാരണം.
വയലും തോടുമുള്ള കുറുപുഴ, ഇളവട്ടം റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാനാണ് 25 കോടി രൂപ ചെലവിട്ട് ശബരി പാക്കേജിൽ റോഡ് നവീകരിച്ചത്. എന്നാൽ, അതൊന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ പരിഹാരമാകുന്നില്ല. പഴകുറ്റി-പാലോട് റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് മൂന്നുവർഷം മുൻപ് റോഡ് നവീകരിച്ച് ഓടകൾ നിർമിച്ചത്. റോഡ് നിർമാണത്തെക്കുറിച്ച് തുടക്കത്തിൽ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഇപ്പോൾ അപകടങ്ങൾക്കു കാരണമാകുന്നത്. 10 വർഷത്തേക്ക് അറ്റകുറ്റപ്പണികൾ നടത്താനുള്ള കരാർ നിലവിലുണ്ട്.