എഐജിയുടെ വാഹനം ഇടിച്ച കേസ് : യാത്രക്കാരനെതിരായ എഫ്ഐആർ തിരുത്താന്‍ പൊലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ എഐജിയുടെ വാഹനം അപകടത്തില്‍പ്പെട്ടതിന് പരിക്കേറ്റ കാല്‍നടയാത്രക്കാരന്റെ പേരില്‍ കേസെടുത്ത നടപടി തിരുത്താനൊരുങ്ങി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി നന്ദകുമാറിന്റെ സ്വകാര്യ വാഹനം ഇടിച്ചാണ് കാല്‍നടയാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിക്ക് പരിക്കേറ്റത്. തലയ്ക്കും മുഖത്തും തോളിലും പരിക്കേറ്റ ഇയാള്‍ തിരുവല്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച തിരുവല്ല പൊലീസ്, എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷം പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.