പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരി

വാരണാസി:ഐഎഫ്എസ് ഓഫിസർ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പേഴ്‌സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെൻ്റാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയുടേതാണ് തീരുമാനം.
2014 ബാച്ച് ഉദ്യോഗസ്ഥയായ നിധി, പ്രധാനമന്ത്രി മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ മെഹ്‌മൂർഗഞ്ച് സ്വദേശിയാണ്. ഐഎഫ്എസിൽ ചേരുന്നതിന് മുൻപ് വാരണാസിയിൽ അസിസ്റ്റൻ്റ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നു. 2022 മുതൽ ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു.
2023 ജനുവരി ആറ് മുതൽ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. അതിനുമുൻപ് വിദേശകാര്യ മന്ത്രാലയത്തിൽ അന്തർദേശീയ സുരക്ഷാകാര്യ വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന നിധി, അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്‌തിരുന്നു.2013ലെ സിവിൽ സർവിസ് പരീക്ഷയിൽ 93-ാം റാങ്ക് നേടിയ നിധി, 2014-ൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. ഇന്ത്യയുടെ ജി20 പ്രസിഡൻസി സമയത്തും പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് നിധി തിവാരി.