രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം
തിരുവനന്തപുരം: 29-ാം രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം. ഡിസംബര്‍ 13 മുതല്‍ 20 വരെയാവും മേള നടക്കുക. മന്ത്രി സജി ചെറിയാനായിരുന്നു 29-ാം ഐ എഫ് എഫ് കെയുടെ ലോഗോ പ്രകാശനം ചെയ്തിരുന്നത്. ‘ഇന്റര്‍സെക്ഷനാലിറ്റി’ എന്നതാണ് ഈ തവണത്തെ ലോഗോയുടെ ആശയം. ഇത്തവണത്തെ മേള ചരിത്ര സംഭവമാക്കി മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
ഇത്തവണ 15 വേദികളിലായാണ് പ്രദര്‍ശനം നടത്തുക. 180 ഓളം സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വനിതാ സംവിധായകരുടേത് ഉള്‍പ്പടെ സിനിമകള്‍ മേളയില്‍ പ്രദര്‍ശനത്തിന് എത്തും. ഇതിനായി വനിതാ സിനിമ പ്രവര്‍ത്തകരെ സഹായിക്കുന്നതിനായുള്ള പാക്കേജ് ഇത്തവണയും ഉണ്ട്.
പട്ടിക ജാതി പട്ടിക വര്‍ഗ പ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനം നല്‍കുന്നുണ്ട്. സിനിമ നയം രൂപീകരിക്കണം എന്നും ഇതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും വരുന്ന നിയമസഭയില്‍ അത്തരം കാര്യങ്ങള്‍ തീരുമാനമായേക്കുമെന്നുമാണ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരിക്കുന്നത്.വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട മേഖലയാണ് സിനിമ, സിനിമാ രംഗത്ത് കാര്യമായി ഇടപെടാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നതെന്ന് സജി ചെറിയാന്‍ ചൂണ്ടിക്കാണിച്ചു. സിനിമയെയും മേഖലയെയും നവീകരിക്കേണ്ടതുണ്ടെന്നും സജി ചെറിയാന്‍ കൂട്ടിചേര്‍ത്തു