ഇൻഷുറൻസ് പോളിസിയിൽ മദ്യപാന വിവരങ്ങൾ മറച്ചുവെച്ചാൽ ക്ലെയിം കിട്ടാതെ വരും

0

ന്യുഡൽഹി:  ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ മദ്യപാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയ ഒരാളുടെ ക്ലെയിം നിരസിക്കാൻ കമ്പനിക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി.

ഹരിയാനയിൽ നടന്ന ഒരു കേസിൽ, പോളിസി ഉടമ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും, ഒരു മാസത്തിനു ശേഷം ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു. തുടർന്ന് ഭാര്യ എൽഐസിയിൽ ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷിച്ചെങ്കിലും, പോളിസി എടുക്കുമ്പോൾ മദ്യപിക്കുന്നതിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി കമ്പനി ക്ലെയിം നിഷേധിച്ചു.

പോളിസി ഫോമിൽ, പോളിസി ഉടമ മദ്യം, സിഗരറ്റ്, ബീഡി, പുകയില തുടങ്ങിയവ ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകിയത് ‘ഇല്ല’ എന്നാണ്. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകൾ ഇയാൾ ദീർഘകാലമായി മദ്യപിച്ചിരുന്നതായി തെളിയിച്ചു. എൽഐസിയുടെ വാദം ശരിവെച്ച സുപ്രീം കോടതി, സ്ഥിരമായ മദ്യപാനം കാരണമാണ് “ക്രോണിക് ലിവർ ഡിസീസ്” ഉണ്ടാകുന്നത് എന്നും, ഇത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നും നിരീക്ഷിച്ചു. പോളിസി ഉടമ മനഃപൂർവം വിവരങ്ങൾ മറച്ചുവെച്ചതിനാൽ ക്ലെയിം നിരസിക്കാൻ കമ്പനിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. “ജീവൻ ആരോഗ്യ യോജന” പോളിസിയിൽ, മദ്യപാനം പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ലെന്ന് വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്ലാ വിവരങ്ങളും മറച്ചുവെച്ചാൽ ക്ലെയിം നിഷേധിക്കപ്പെടില്ല. 2015-ലെ സുലഭ പ്രകാശ് മൊട്ടെഗാവ്കർ കേസിൽ, മുൻ രോഗ വിവരങ്ങൾ മറച്ചുവെച്ചതിന്റെ പേരിൽ മാത്രം ക്ലെയിം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കാനോ മരണത്തിനോ കാരണം മദ്യപാനം ആണെന്ന് ഇൻഷുറൻസ് കമ്പനി തെളിയിക്കുകയാണെങ്കിൽ ക്ലെയിം നിരസിക്കാം. ഉദാഹരണത്തിന്, മദ്യപാനം മറച്ചുവെച്ച ഒരാൾക്ക് പക്ഷാഘാതം (Brain Hemorrhage) സംഭവിച്ചാൽ, പക്ഷാഘാതത്തിന് കാരണം മദ്യപാനം തന്നെയാണെന്ന് കമ്പനി ആദ്യം തെളിയിക്കണം.

ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ (NCDRC) ഉത്തരവിനെതിരെ എൽഐസി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. എങ്കിലും, മാനുഷിക പരിഗണന കണക്കിലെടുത്ത് പോളിസി ഉടമയുടെ ഭാര്യക്ക് നേരത്തെ നൽകിയ മൂന്ന് ലക്ഷം രൂപ തിരികെ വാങ്ങേണ്ടതില്ലെന്നും കോടതി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *