ഉള്ളുലച്ച് 13-കാരിയുടെ ചോദ്യം;’അമ്മേ, ഇനി മഴ പെയ്താൽ നമ്മൾ എങ്ങോട്ട് പോകും?’
പിലിക്കോട്: ‘അമ്മേ ഇനി മഴ പെയ്താൽ നമ്മൾ കിടക്കുന്ന മുറിയുടെ ചുമരും വീഴും, നമ്മൾ എന്താക്കും, എനിക്ക് പേടിയാവുന്നു. ഞാനിന്ന് ഉറങ്ങൂല…’ 13 വയസ്സുകാരിയുടെ ഉള്ളുലയുന്ന ചോദ്യത്തിന് മുൻപിൽ എന്ത് പറയണമെന്നറിയാതെ അമ്മയുടെ ദൈന്യത. ‘ഇന്ന് ഞാൻ ഉണർന്നിരിക്കാം നീ ഉറങ്ങുക’ എന്നല്ലാതെ മറ്റെന്ത് പറയാൻ ആ അമ്മ. തിങ്കളാഴ്ച രാത്രിയിലെ മഴയിലാണ് പഴയതാണെങ്കിലും പുത്തിലോട്ടെ വി.വി. വത്സലയും രണ്ട് മക്കളും തലചായ്ക്കുന്ന വീടിന്റെ ഒരു ഭാഗത്തെ ചുമരുൾപെടെ തകർന്ന് വീണത്.
അമ്മയും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബാക്കി ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച് അവിടെതന്നെയാണ് മൂവരും കഴിയുന്നത്. ശക്തമായ മഴയും കാറ്റും വന്നാൽ ബാക്കി ഭാഗം ഏതുനേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വത്സല എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ കെ. കണ്ണന്റെ മരണം. കഴിഞ്ഞ വർഷം അമ്മ മാണിക്യവും മരിച്ചു. മകന് രണ്ടരവയസ്സും മകൾക്ക് ആറുമാസവും പ്രായമുള്ളപ്പോഴാണ് ഭർത്താവ് കെ. സുരേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചത്.
13 വർഷമായി രണ്ടുമക്കളുടെ പഠനത്തിനും ജീവിതച്ചെലവും കണ്ടെത്താൻ ഏകയായി പൊരുതുന്നു. മട്ടലായിയിലിലെ സ്വാകര്യ സ്‌കൂളിൽ നിന്നും ലഭിക്കുന്ന ചെറുവേതനം കൊണ്ടാണിപ്പോൾ മൂന്നംഗ കുടുംബം ജീവിച്ചുപോകുന്നത്. പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ വാർഡ് മൂന്നിലാണ് വത്സലയും രണ്ട് മക്കളും കഴിയുന്നത്. അമ്മവകയായി കിട്ടിയ 12 സെന്റ് സ്വന്തമായുണ്ട്.
അതിൽ അടച്ചുറപ്പുള്ള ഒറ്റമുറിവീടെങ്കിലും പണിയാമെന്ന് കരുതി തറകെട്ടി. അതിന് മുകളിലേക്ക് ഉയർത്താനായില്ല. ലൈഫ് പദ്ധതിയിൽ ഒരു വീടിന് വേണ്ടി പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും പട്ടികയിൽ ഇടംകിട്ടിയില്ല. വത്സലയുടെ റേഷൻ കാർഡിൽ സഹോദരന്റെ പേരുണ്ടായതാണ് അപേക്ഷ നിരാകരിക്കാൻ കാരണമായി പറഞ്ഞത്.
മറ്റൊരുവീട്ടിൽ താമസിക്കുന്ന സഹോദരന്റെ പേര് അതിന് ശേഷം റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അധികൃതർ കനിയുമോയെന്ന് ഉറപ്പില്ല. വിധവയാണ്. അച്ഛനുമമ്മയും ജീവിച്ചിരിപ്പില്ല. പ്രായപൂർത്തിയാവാത്ത രണ്ട് മക്കൾ. സ്ഥിരവരുമാനമുള്ളൊരു തൊഴിലില്ല. റേഷൻ കാർഡ് ബി.പി.എൽ. എന്നിട്ടുമെന്തേ ഇവർ ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കിയ ബി.പി.എൽ. പട്ടികയിൽ ഇടം പിടിച്ചില്ലെന്ന് ചോദിച്ചാൽ, ഉത്തരമില്ല. വലിയ ദുരന്തമുണ്ടായതിന് ശേഷം ഓടിയെത്തിയിട്ട് കാര്യവുമില്ല.
തിങ്കളാഴ്ച കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പഴകിയ വീട് തകർന്നുവീഴാൻ സാധ്യതയേറെയാണ്. നിസ്സഹായരായ അമ്മയെയും മക്കളെയും ചേർത്തുപിടിക്കാൻ സുമനസ്സുകൾ മുന്നോട്ടുവന്നാൽ ഇവരുടെ വീടെന്ന സ്വപ്‌നം യാഥാർഥ്യമാകും.