“ഹിന്ദി നിർബന്ധമാക്കിയാൽ സ്‌കൂളുകൾ അടച്ചുപൂട്ടിക്കും “: രാജ് താക്കറെ

മുംബൈ: മഹാരാഷ്‌ട്രയിലെ സ്‌കൂളുകളിൽ 1 മുതൽ 5 വരെ ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയാൽ തൻ്റെ പാർട്ടി സ്‌കൂളുകൾ അടച്ചുപൂട്ടിക്കുമെന്ന് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മീര- ഭയിന്ദറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഷയ്‌ക്കും താൻ എതിരല്ലെന്നും എന്നാൽ ഏതെങ്കിലും ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും രാജ് താക്കറെ പറഞ്ഞു.
ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിച്ച് കൊണ്ട് നേരത്തെ ഒരു പ്രമേയം ഇറക്കിയിരുന്നു. നവനിർമ്മാൺ ഉൾപ്പെടെ രാഷ്‌ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്ന് ഇത് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ എന്ത് വിലകൊടുത്തും സംസ്ഥാനത്തെ സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചായിരുന്നു രാജ് താക്കറെയുടെ മറുപടി.
സ്‌കൂളുകളിൽ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിച്ച് കൊണ്ടുള്ള പ്രമേയങ്ങൾ സർക്കാര്‍ പിൻവലിച്ചതിനെ പിന്നാലെ മുംബൈയിൽ ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി രാജ് താക്കറെ ഒരേ വേദി പങ്കിട്ടിരുന്നു.ഏതാണ്ട് 20 വർഷത്തിനിടെ ആദ്യമായാണ് ‘അവാജ് മറാത്തിച്ച’എന്ന പേരിൽ നടന്ന വിജയാഘോഷത്തിനായി ഇരുവരും ഒന്നിക്കുന്നത്. ജൂലൈ 5നായിരുന്നു വർഷങ്ങളുടെ വൈര്യം മറന്ന് താക്കറെ സഹോദരങ്ങൾ ത്രിഭാഷ നയത്തിനെതിരെ ഒന്നിച്ചത്. 2005ലായിരുന്നു രാഷ്‌ട്രീയപരമായും അല്ലാതെയും താക്കറെ സഹോദരങ്ങൾ പിരിഞ്ഞത്.