ഇടുക്കിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

ഇടുക്കി: ഇടുക്കി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നുമാണ് അംഗത്വം സ്വീകരിച്ചത് . വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പറഞ്ഞു.
കട്ടപ്പനയിൽ നടന്ന ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവൻഷനിലാണ് ബെന്നി പാർട്ടി അംഗത്വം സ്വീകരിച്ചത്. പരിപാടി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. 2004 മുതൽ 2014 വരെ കോൺഗ്രസ്സ് രാജ്യം ഭരിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, പല രംഗത്തും അഴിമതിയുമാണ് ഉണ്ടായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷം സംസ്‌ഥാനത്ത് സിപിഎമ്മിനെ ജനം വിശ്വസിച്ചു. കടം വാങ്ങാതെ ഇപ്പോൾ സമാധാനത്തോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്‌ഥയായി ഒപ്പം തൊഴിലില്ലായ്മ കൂടി. മലയോര ജനതയെ സംസ്ഥാന സർക്കാർ ശത്രുക്കളായാണ് സർക്കാർ കാണുന്നത്. ആർക്ക് വേണ്ടിയാണ് ഇപ്പോൾ വാർഷികാഘോഷം നടത്തുന്നതെന്നും അദേഹം ചോദിച്ചു.