മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനം; അതിജീവിത വീണ്ടും സമരത്തില്‍

0

കോഴിക്കോട്: ഐ.ജി.യുടെ ഉറപ്പും വെറും വാക്കായതോടെ, മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് വീണ്ടും സമരം ആരംഭിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് സമർപ്പിച്ചതുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐ.ജി. കെ. സേതുരാമന്‍ ഇതുവരെ മറുപടിനല്‍കാത്ത സാഹചര്യത്തിലാണ് സമരം വീണ്ടും തുടങ്ങിയത്.

റിപ്പോര്‍ട്ട് സമർപ്പിക്കുന്നതുമായി സംബന്ധിച്ച് മൂന്നുദിവസത്തിനകം വിവരം നൽകാമെന്ന് ഐ.ജി. ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അഞ്ചുദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തത് കാരണമാണ് വീണ്ടും സമരം ആരംഭിച്ചത്.

അതിജീവിതയും സമരസമിതി പ്രവര്‍ത്തകരും ഐ.ജി.യെ ഉച്ചയോടെ കണ്ടു. വിഷയത്തില്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടാന്‍ മെഡിക്കല്‍ കോളേജ് സി.ഐ. പി. അജിത്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അത് കിട്ടിയാൽ ഉടൻ വിവരമറിയിക്കുമെന്നുംഐ.ജി. അറിയിച്ചു.

വിഷയത്തില്‍ കമ്മിഷണറോട് റിപ്പോര്‍ട്ട് തേടുമെന്ന്‌ ഐ ജി ഉറപ്പുനല്‍കിയതായി സമരസമിതി പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ വ്യക്തമാക്കി. ഒരു പൗരന്റെ, പ്രത്യേകിച്ച് പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ മുഴുവൻ അവകാശങ്ങളും നിഷേധിക്കുന്ന സംഭവങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും നൗഷാദ് തെക്കയില്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *