അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ;ഐ.സി.എം.ആർ. സംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഐ.സി.എം.ആറിന് കത്തയച്ചിരുന്നു. തുടർന്നാണ് ഗവേഷണത്തിനായി കേന്ദ്രസംഘം എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപവത്‌കരിച്ച് തുടർചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. നിലവിൽ ആറുപേരാണ് രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇവർക്ക് പ്രത്യേക മാനദണ്ഡപ്രകാരമാണ് ചികിത്സ നൽകുന്നത്. അഞ്ച് മരുന്നുകളുടെ സംയുക്തമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സയ്ക്കുള്ള മിൽറ്റിഫോസിൻ മരുന്ന് സംസ്ഥാനത്ത് ആവശ്യാനുസരം ലഭ്യമാണ്. കൂടുതൽ മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെ.എം.എസ്.സി.എൽ. മാനേജിങ് ഡയറക്ടർക്കു നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽപിടിച്ചുകിടന്ന കാവിൻകുളത്തിലെ വെള്ളവുമായി സമ്പർക്കമുണ്ടായവരാണ്. പേരൂർക്കട സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. വീട്ടിലെ കിണർ വൃത്തിയാക്കിയശേഷമുള്ള ചെളിയിൽനിന്നുള്ള അമീബ കലർന്ന വെള്ളത്തിൽനിന്നു രോഗമുണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇതു വിശദമായി പരിശോധിക്കാനും മന്ത്രി നിർദേശം നൽകി.
മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ, വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ എന്നിവർ പങ്കെടുത്തു.
രോഗവും മുൻകരുതലുകളും
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസ്സുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. ഇതൊരു പകർച്ചവ്യാധിയല്ല. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവു കുറയുന്നതോടെ അമീബയുടെ അളവ് വർധിക്കും. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. പായൽപിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കിനു ശസ്ത്രക്രിയയ്ക്കു വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ നടത്തിയവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്കു വലിച്ചെടുക്കുന്ന ആളുകൾക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചുകയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കണം.