ഇന്ത്യൻ താരങ്ങളില്ലാതെ ,ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി:

0

ദുബായ്: 2024-ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യയില്‍ നിന്നും ഒരൊറ്റ കളിക്കാരൻ പോലും ഇടം നേടിയില്ല. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയും സംഘവും അധികം ഏകദിന മത്സരങ്ങള്‍ കളിക്കാതിരുന്നതാണ് ഇതിന് വഴിവച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ഒരു എവേ പരമ്പരയിൽ മൂന്ന് ഏകദിനങ്ങൾ മാത്രമേ കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ചിട്ടുള്ളൂ.

അതിൽ രണ്ടെണ്ണത്തിൽ തോറ്റപ്പോൾ മൂന്നാമത്തേത് സമനിലയിൽ അവസാനിച്ചു. ഐസിസി പ്രഖ്യാപിച്ച ഓൾ സ്റ്റാർ ടീമിൽ ശ്രീലങ്കയിൽ നിന്നുള്ള നാല് കളിക്കാരുണ്ട്. പാകിസ്ഥാനിൽ, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളില്‍ നിന്നും മൂന്ന് പേർ വീതവും വെസ്റ്റ് ഇൻഡീസിൽ നിന്ന് ഒരു കളിക്കാരനും ഉൾപ്പെടുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമികളില്‍ നിന്നുള്ള കളിക്കാര്‍ക്കും പട്ടികയില്‍ ഇടം പിടിക്കാനായില്ല.
കഴിഞ്ഞ വര്‍ഷം മികച്ച ബാറ്റിങ്‌ കാഴ്‌ചവച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്കയാണ് ഐസിസി ടീമിന്‍റെയും ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. 16 ഏകദിന മത്സരങ്ങളിൽ നിന്ന് 50.2 ശരാശരിയിൽ 605 റൺസാണ് അസലങ്ക നേടിയത്. ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും ഉൾപ്പെടെയാണ് പ്രകടനം.കഴിഞ്ഞ വർഷം ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ചത് ശ്രീലങ്കയായിരുന്നു. 18 മത്സരങ്ങളായിരുന്നു ടീം ഫോര്‍മാറ്റില്‍ കളിച്ചത്. ഇതില്‍ 12 എണ്ണത്തിലും വിജയിച്ചു. പാകിസ്ഥാൻ ഒമ്പത് ഏകദിന മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങൾ നേടിയപ്പോൾ, അഫ്‌ഗാനിസ്ഥാൻ 14 ഏകദിനങ്ങളിൽ എട്ടെണ്ണത്തിൽ വിജയിച്ചു. വിന്‍ഡീസിന്‍റെ ഷെർഫെയ്ൻ റൂഥർഫോർഡാണ് പട്ടികയില്‍ ഏഷ്യാക്കാരനല്ലാത്ത ഏക താരം. 2023 -ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷെർഫെയ്ൻ റൂഥർഫോർഡ്, ഒമ്പത് ഏകദിനങ്ങളില്‍ നിന്നും 106.2 എന്ന മികച്ച ശരാശരിയിൽ 425 റൺസാണ് നേടിയത്.ചരിത് അസലങ്ക (സി) (ശ്രീലങ്ക), സെയ്ം അയൂബ് (പാകിസ്ഥാൻ), റഹ്മാനുള്ള ഗുർബാസ് (അഫ്‌ഗാനിസ്ഥാൻ), പാത്തും നിസ്സങ്ക (ശ്രീലങ്ക), കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ) (ശ്രീലങ്ക), ഷെർഫാനെ റൂഥർഫോർഡ് (വെസ്റ്റ് ഇൻഡീസ്), അസ്‌മത്തുള്ള ഒമർസായ് (അഫ്‌ഗാനിസ്ഥാൻ), വാനിന്ദു ഹസരംഗ (ശ്രീലങ്ക), ഷഹീൻ ഷാ അഫ്രീദി (പാകിസ്ഥാൻ), ഹാരിസ് റൗഫ് (പാകിസ്ഥാൻ), എ എം ഗസൻഫാർ (അഫ്‌ഗാനിസ്ഥാൻ)എന്നിവരാണ് ടീമിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *