ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതിസുകാന്ത് കുടുംബത്തോടെ ഒളിവിലെന്ന് പൊലീസ്

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുകാന്ത് കുടുംബത്തോടെ ഒളിവിലെന്ന് പൊലീസ്. ഐബി ഉദ്യോഗസ്ഥയുടെ മരണം ആത്മഹത്യയാണെന്നും പെട്ടെന്നുള്ള പ്രകോപനമാണ് ഇതിന് കാരണമെന്നും ഡിസിപി നകുൽ രാജേന്ദ്ര ദേഷ്‌മുക്ക് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ നിന്നും മാധ്യമങ്ങളോട് പറഞ്ഞു. സുകാന്തിനെ കണ്ടെത്താന്‍ എല്ലാ ശ്രമവും നടക്കുന്നുണ്ട്.
അന്വേഷണത്തിൽ വീഴ്‌ച വന്നിട്ടില്ല. ഉദ്യോഗസ്ഥയുടെ ഫോൺ തകർന്ന നിലയിലാണ് ലഭിച്ചത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുള്ള ആരോപണത്തിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആ തെളിവുകൾ പരിശോധിക്കുകയാണ്.കേരളത്തിന് പുറത്തും സുകാന്തിനായുള്ള പരിശോധന ഊര്‍ജിതമാണ്. ഐബിയിൽ നിന്ന് സുകാന്തിന് സഹായം ലഭിച്ചതിന് തെളിവില്ല. സുകാന്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. പ്രതിയുടെ കുടുംബവും ഒളിവിലാണ്. കേരളത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
സുകാന്തിന് ഐബിയിലെ തന്നെ യുവതികളായ മറ്റ് രണ്ട് ഉദ്യോഗസ്ഥകളുമായി കൂടി ബന്ധം ഉണ്ടായിരുന്നതായി പൊലിസിനു വിവരം ലഭിച്ചു. ഇതില്‍ തിരുവനന്തപുരം സ്വദേശിനിയായ ഒരു യുവതി മരണപ്പെട്ട യുവതിയുടെ അടുത്ത സുഹൃത്തുമായിരുന്നു. യുവാവുമായുള്ള ബന്ധത്തെ ചൊല്ലി ഈ രണ്ടു യുവതികളും തമ്മില്‍ വഴക്കുണ്ടായതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗര്‍ഭഛിദ്രത്തിനു പിന്നാലെ, തന്നെ ഉടന്‍ വിവാഹം കഴിക്കണമെന്ന് ജീവനൊടുക്കിയ യുവതി പ്രതിയോടാവശ്യപ്പെട്ടു. വിവാഹകാര്യം വീട്ടിൽ പറയണമെന്നും അച്ഛനോടും അമ്മയോടുമൊപ്പം ഉടന്‍ തൻ്റെ വീട്ടിലെത്തി വിവാഹം ഉറപ്പിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.യുവതിയുടെ മാതാവും സ്ഥിരമായി സുകാന്തുമായി സംസാരിക്കാറുണ്ടായിരുന്നു. മകളുമായി സുകാന്തിനുള്ള അടുപ്പം അറിയാവുന്ന യുവതിയുടെ മാതാവ് സുകാന്തിനോട് മാതാപിതാക്കളെ കൂട്ടി വീട്ടിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് യുവാവ് ഇക്കാര്യം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതോടെ യുവാവ് തന്നെ ചതിക്കുകയാണെന്ന് ബോധ്യമായ യുവതി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുെവെന്നാണ് പൊലീസ് നിഗമനം.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഐബി ഉദ്യോഗസ്ഥയായ യുവതി മാര്‍ച്ച് 24ന് ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുന്നതിനിടെ തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ച് മരിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കിനു സമീപത്തു കൂടെ ഒരു യുവതി മൊബൈലിൽ സംസാരിച്ചു കൊണ്ടു നടന്നു പോകുന്നത് വളരെ ദൂരെ നിന്ന് തന്നെ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ വെറും 25 മീറ്റര്‍ മാത്രം അകലെ ട്രെയിനെത്തിയതോടെ യുവതി ട്രാക്കിലേക്കു കയറി. എന്നാൽ ലോക്കോപൈലറ്റ് നിര്‍ത്താതെ ഹോണ്‍ മുഴക്കിയും തല വെളിയിലേക്കിട്ട് മാറി നില്‍ക്കാനായി അലറി വിളിച്ചിട്ടും യുവതി തയ്യാറായില്ല. തനിക്ക് ട്രെയിന്‍ ബ്രേക്കു ചെയ്തു നിര്‍ത്താന്‍ കഴിയാത്തത്ര അടുത്തു വച്ചാണ് പെണ്‍കുട്ടി ട്രാക്കിലേക്കു കയറിയതെന്നാണ് ലോക്കോ പൈലറ്റ് പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
സുകാന്തിനെ പിടികൂടാന്‍ കേരള പൊലീസും ഐബിയും തെരച്ചില്‍ ഊര്‍ജിതമാക്കി. സുകാന്തിൻ്റെ തൃശൂര്‍ ചാവക്കാട്ടെയും പാലക്കാട്ടെയും ബന്ധുവീടുകളില്‍ പൊലീസ് പരിശോധിച്ചു. എന്നാല്‍ തലനാരിഴയ്ക്ക് സുകാന്ത് കടന്നുകളഞ്ഞതായി പൊലീസ് കരുതുന്നു. പ്രതി ബന്ധുക്കള്‍ക്കൊപ്പം ചെന്നൈയിലേക്കു കടന്നെന്ന സംശയത്തില്‍ പൊലീസ് ചെന്നൈയിലും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പോണ്ടിച്ചേരിയിലാണ് അവസാനമായി സുകാന്തിൻ്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായത്.
ഏപ്രില്‍ 4നാണ് കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് സുകാന്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. ഇൻ്റലിജന്‍സ് ബ്യൂറോ കൊച്ചി യൂണിറ്റിലെ ഓഫിസറാണ് സുകാന്ത്. സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷ പാസായിട്ടുള്ള സുകാന്ത് താന്‍ സുകാന്ത് ഐഎഎസ് എന്നാണ് സഹപ്രവര്‍ത്തകരോട് തമാശയായി പറയുന്നത്. 2023 ഡിസംബറിലാണ് ആത്മഹത്യ ചെയ്ത യുവതി ഇൻ്റലിജന്‍സ് ബ്യൂറോയില്‍ ഓഫിസറായി ചേരുന്നത്. തിരുവനന്തപുരത്തായിരുന്നു നിയമനം. സുകാന്തിന് എറണാകുളത്തായിരുന്നു നിയമനമെങ്കിലും സർവീസില്‍ ചേര്‍ന്ന ശേഷം പരിശീലനത്തിനായി ഇരുവരും രാജസ്ഥാനിലെ ജോധ്‌പൂരിലെത്തുകയും ഇവിടെ വച്ച് പരിചയപ്പെടുകയുമായിരുന്നു.