ഖൊബ്രഗഡെ വീണ്ടും ആരോഗ്യ വകുപ്പിൽ, ബിജു പ്രഭാകർ കെഎസ്ഇബി സിഎംഡി

0

തിരുവനന്തപുരം: കെഎസ്ഇബി സിഎംഡി ഡോ. രാജൻ ഖൊബ്രഗഡെയെ ആരോഗ്യ വകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, സാംസ്കാരിക (ആർക്കിയോളജി, ആർക്കൈവ്സ്, മ്യൂസിയം) വകുപ്പുകളുടെ അധികച്ചുമതലയുമുണ്ട്. നേരത്തേ, ദീർഘകാലം ആരോഗ്യ വകുപ്പിൽ പ്രവർത്തിച്ച ഇദ്ദേഹത്തെ സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തിരികെ കൊണ്ടുവരുന്നത്.

വ്യവസായ സെക്രട്ടറി ബിജു പ്രഭാകറാണ് പുതിയ കെഎസ്ഇബി സിഎംഡി. കെഎസ്ആർടിസി സിഎംഡി എന്ന നിലയിൽ വരുമാനം വർധിപ്പിക്കാൻ മികച്ച പ്രവർത്തനം കാഴ്ചവച്ചതാണ് കെഎസ്ഇബിയിലേക്ക് പരിഗണിക്കാൻ കാരണമായത്. ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണർ, ഗതാഗത സെക്രട്ടറി (മെട്രൊ, ഏവിയേഷൻ, റെയ്ൽവേ) എന്നീ അധികച്ചുമതലകൾ തുടരും.

നിലവിലെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് തിരികെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. റവന്യൂ (വഖഫ്) ചുമതല തുടരും. തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകിക്ക് നോർക്കയുടെ അധികച്ചുമതല നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *