കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് യാത്രയയപ്പ്: “പ്രതികൾ എന്തെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല”: കെ കെ ശൈലജ

കണ്ണൂര്‍: സി സദാനന്ദന്‍ മാസ്റ്റർ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ് നല്‍കിയ സംഭവത്തിൽ പ്രതികരിച്ച് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ എംഎല്‍എ. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. കെ കെ ശൈലജയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല അവിടെ നടന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകയായാണ് താന്‍ പോയതെന്നും കെ കെ ശൈലജ പ്രതികരിച്ചു.അവര്‍ ഏതെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല. താന്‍ കോടതി വിധി മാനിക്കുന്നു. നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും മാന്യമായി ജീവിതം നയിക്കുന്നവരുമാണ് അവർ എല്ലാവരുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
” കോടതി അവരെ ശിക്ഷിച്ചിട്ടുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ ഇത്തരം കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നവര്‍ അല്ലെന്നാണ് നാട്ടുകാര്‍ക്ക് അറിയുന്നത്.സ്‌കൂള്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു. കോടതി വിധി മാനിക്കുന്നു. 30 വര്‍ഷത്തിന് ശേഷം അവര്‍ ജയിലില്‍ പോകുമ്പോള്‍ കുടുംബാംഗങ്ങളും വിഷമത്തിലാണ്. ഇവര്‍ തെറ്റ് ചെയ്തില്ലെന്നാണ് കുടുംബവും വിശ്വസിക്കുന്നത്. പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്നു. യാത്രയയപ്പായി അതിനെ കാണാന്‍ സാധിക്കില്ല “. കെ കെ ശൈലജ പറഞ്ഞു.