“സഹോദരനെ പൊലീസ് സ്റ്റേഷനിൽ നിന്നും ഇറക്കുന്നതിനോ കാണുന്നതിനോ ഞാൻ പോയിട്ടില്ല ,തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ലഭിക്കണം ” : പികെ ഫിറോസ്

കോഴിക്കോട് :ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടു അറസ്റ്റിലായ സഹോദരൻ പി കെ ബുജൈറിൻ്റെ കേസിൽ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ലഭിക്കണമെന്നും അതില്‍ ഒരിടപെടലും നടത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പി കെ ഫിറോസ് പറഞ്ഞു. സഹോദരന് തന്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അവൻ വേറെ ഒരു വ്യക്തിയാണെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം ലഹരി വില്‌പനയുമായി ബന്ധപ്പെട്ട് റിയാസ് തൊടുകയിലിനെ പിടികൂടിയപ്പോൾ അദ്ദേഹത്തിൻ്റെ മൊബൈലിൽ നടത്തിയ പരിശോധനയിലാണ് തൻ്റെ സഹോദരനെ പിടികൂടിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ റിയാസ് തൊടുകയുടെ മൊബൈൽ ഫോൺ പരിശോധിച്ചാൽ അദ്ദേഹം സിപിഎം പ്രവർത്തകൻ ആണെന്ന് കാര്യം വ്യക്തമാകും .കൂടാതെ റിയാസ് തൊടുകയിലിനെ പിടികൂടിയ ഉടൻ വിട്ടയക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയതും സിപിഎം നേതാക്കൾ ആണെന്ന് പി കെ ഫിറോസ് പറഞ്ഞു. തൻ്റെ സഹോദരനെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ നിന്നും ഇറക്കുന്നതിനോ കാണുന്നതിനോ താനോ തൻ്റെ കുടുംബമോ സ്റ്റേഷൻ്റെ പരിസരത്തുപോലും പോയിട്ടില്ല. അക്കാര്യം പൊലീസിനോട് ചോദിച്ചാൽ വ്യക്തമാകുമെന്നും ഫിറോസ് പറഞ്ഞു.
സമൂഹത്തിന് വിപത്താകുന്ന വിധത്തിൽ സഹോദരൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് തൻ്റെയും കുടുംബത്തിൻ്റെയും നിലപാടെന്നും പി കെ ഫിറോസ് പറഞ്ഞു. തനിക്കെതിരെ ഇപ്പോൾ രംഗത്ത് വരുന്ന കെ ടി ജലീലിനും ബിനീഷ് കോടിയേരിക്കും എതിരെ അവരുടെ തെറ്റായ പ്രവർത്തികൾ ഇനിയും ഉണ്ടെങ്കിൽ ശക്തമായ ഭാഷയിൽ തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
പൊലീസുകാരനെ ആക്രമിച്ച കേസ് : പി കെ ബുജൈറിനെ റിമാൻഡ് ചെയ്‌തു.