”എന്റെ നിറത്തിൽ എനിക്ക് സന്തോഷം “: ശാരദ മുരളീധരൻ

തിരുവനന്തപുരം:നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട സംഭവത്തിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എന്റെ നിറത്തിൽ എനിക്ക് സന്തോഷമാണ് , പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും ആ തുടർക്കഥയിലെ ചാപ്റ്റർ മാത്രമാണിതെന്നും ശാരദ മുരളീധരൻ പറഞ്ഞു. ഒരിക്കലും ജോലിയെ വർണ അടിസ്ഥാനത്തിൽ വേർതിരിക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായിരുന്നു പരാമർശം. പറഞ്ഞ ആൾ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയില്ലെന്നും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കറുപ്പ് വൃത്തികേടല്ലെന്നും പകരം വൃത്തിയാണെന്നും മനസിലാക്കിയാല്‍ മാത്രമേ കറുപ്പിനെക്കുറിച്ചുള്ള തെറ്റായ ധാരണകളില്‍ നിന്ന് നമ്മുക്ക് പുറത്തുകടക്കാനാകൂവെന്നും ശാരദ മുരളീധരന്‍ പറഞ്ഞു.. ഞാന്‍ ശാരദയാണെന്നും ഞാന്‍ കറുപ്പെന്നും അംഗീകരിക്കാനും കറുപ്പ് എന്റെ അഴകിനോ സ്വഭാവത്തിനോ കുറവുവരുത്തുന്നതല്ല മറിച്ച് കൂട്ടുന്നതാണെന്ന് തിരിച്ചറിയാനും തനിക്ക് സാധിച്ചുവെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. താന്‍ മുന്‍പ് തന്റെ കറുപ്പില്‍ നിന്ന് ഒളിച്ച് നടക്കാന്‍ നോക്കിയിരുന്നെന്നും ഇപ്പോഴത് മാറിയെന്നും ശാരദ കൂട്ടിച്ചേര്‍ത്തു. നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട ഒരു കമന്റിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.കറുപ്പിന്റെ പേരിലുള്ള കമന്റുകള്‍ ചീഫ് സെക്രട്ടറിയായതിനാല്‍ മാത്രം തനിക്ക് കേള്‍ക്കാതിരിക്കേണ്ടി വന്നിട്ടില്ലെന്ന് ശാരദ മുരളീധരന്‍ പറയുന്നു.മക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. അമ്മ സ്മാർട്ടാണെന്ന് മക്കൾ എപ്പോഴും പറയും. കുട്ടികളാണ് എപ്പോഴും ധൈര്യം തരുന്നത്. എൻ്റെ സൗന്ദര്യസങ്കൽപ്പത്തിലും വസ്ത്രധാരണത്തിലും വരെ അവരുടെ സ്വാധീനമുണ്ട്. നിറത്തിൻ്റെ പ്രശ്നം അനുഭവിച്ചവരെ സംബന്ധിച്ച് ഇത് വലിയ വിഷയമാണ്. കറുപ്പ് ഏഴ് അഴകെന്നത് ആശ്വാസ വാക്കാണ്. പ്രസവിക്കുമ്പോൾ കുട്ടി വെളുത്തിരിക്കണമെന്ന് പലരും പറയും. കറുത്തതാകുമ്പോൾ ആശ്വാസവാക്കു പറയും.
പല തരത്തിലുള്ള കോംപ്ലക്‌സുകളുടെ കൂടാരമാണ് മനുഷ്യന്‍. ഒരു മാതൃകാരൂപത്തെപ്പോലെയാകണമെന്ന് പലരും ആഗ്രഹിക്കുന്നു. എന്നാല്‍ മനുഷ്യനെ മനുഷ്യനാക്കുന്നത് അവരുടെ വൈവിധ്യമാണ്. അതിനെ ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടതെന്നും ശാരദ മുരളീധരന്‍ പറഞ്ഞു.കേരളമായതിനാലാണ് തന്റെ പോസ്റ്റ് ഇത്രയേറെ ചര്‍ച്ചയായതെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. പോസ്റ്റിന് മികച്ച പ്രതികരണമുണ്ടായി. നവകേരളത്തിന്റെ പ്രത്യേകതയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യം പോസ്റ്റ് പിൻവലിച്ചിരുന്നു. വേണു പിന്തുണ നൽകയതോടെയാണ് വീണ്ടും പോസ്റ്റിട്ടത്. ഇത് സമൂഹത്തിൽ വരേണ്ട മാറ്റമാണ്. പലർക്കും നിറം കറുപ്പായതിനാൽ ജോലി നഷ്ടമായിട്ടുണ്ട്. മനസിൽ ഒന്നും കൊണ്ടു നടക്കില്ല. അതുകൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും ശാരദ മുരളീധരൻ വ്യക്തമാക്കി.
നിറത്തിന്‍റെ പേരിൽ അപമാനിക്കപ്പെട്ടെന്ന ചീഫ് സെക്രട്ടറിയുടെ തുറന്നെഴുത്തിന് പൊതു സമൂഹത്തിന്‍റെ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. കറുപ്പിനെന്താ കുഴപ്പം എന്ന ടാഗ് ലൈനോട് കൂടി സമൂഹ മാധ്യമങ്ങളിലടക്കം വലിയ സ്വീകാര്യതയാണ് ശാരദാ മുരളീധരന് കിട്ടുന്നത്.
ഭര്‍ത്താവ് മുൻ ചീഫ്സെക്രട്ടറി കൂടിയായിരുന്ന വി വേണുവിന് നിറം വെളുപ്പും ഭാര്യയായ നിലവിലെ ചീഫ് സെക്രട്ടറിയുടെ നിറം കറുപ്പുമെന്ന് പറഞ്ഞ് രണ്ട് കാലങ്ങളെ കൂടി താരതമ്യം ചെയ്ത് വന്ന ഒരു പ്രതികരണത്തോടുള്ള രോഷമായിരുന്നു ശാരദാ മുരളീധരന്‍റെ ഫേസ് ബുക്ക് കുറിപ്പിൽ. ആദ്യമിട്ട പോസ്റ്റ് അതിനോടുള്ള പ്രതികരണങ്ങളിൽ അസ്വസ്ഥയായി പിൻവലിച്ചെങ്കിലും രാത്രിയോടെ വിശദമായ മറ്റൊരു കുറിപ്പിട്ടു. വി വേണുവടക്കം ഒട്ടേറെ പേര്‍ അത് ഷെയര്‍ ചെയ്തു. പ്രതിപക്ഷ നേതാവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ പിന്തുണ അറിയിച്ചു. കറുപ്പിനെന്താണ് കുഴപ്പമെന്ന ചീഫ് സെക്രട്ടറിയുടെ ചോദ്യം അതോടെ വൈറലായി.