കാഴ്ചപരിമിതിയുള്ള ദമ്പതിമാര്‍ മകന്റെ മൃതദേഹവുമായി കഴിഞ്ഞത് നാലുദിവസം
ഹൈദരാബാദ്: കാഴ്ചപരിമിതിയുള്ള ദമ്പതിമാര്‍ മകന്റെ മൃതദേഹവുമായി കഴിഞ്ഞത് നാലുദിവസം. മകന്‍ മരിച്ചുവെന്നറിയാതെയാണ് നാലുദിവസം ദമ്പതിമാര്‍ കഴിച്ചുകൂട്ടിയത്. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പോലീസിനെ അയല്‍വാസികള്‍ വിവരമറിയിക്കുകയായിരുന്നു.
60 ഓളം വയസ്സുള്ള ദമ്പതിമാര്‍ 30-കാരനായ മകനെ ഭക്ഷണത്തിനും വെള്ളത്തിനുമായി വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് നാഗോളെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹെഡ് ഓഫീസറായ സൂര്യ നായക് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉറക്കത്തിനിടെയാണ് ദമ്പതിമാരുടെ മകന്‍ മരിച്ചതെന്നാണ് പോലീസ് നിഗമനം. മകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോലീസ് എത്തുമ്പോള്‍ അർധബോധാവസ്ഥയിലായിരുന്നു ദമ്പതിമാര്‍. ഇരുവരെയും രക്ഷപ്പെടുത്തി വെള്ളവും ആഹാരവും നല്‍കി. തുടർന്ന് ദമ്പതിമാരുടെ മറ്റൊരു മകനെ വിവരമറിയിക്കുകയും ഇവരെ ഇയാളുടെ സംരക്ഷണത്തിലാക്കുകയുംചെയ്തു.