ഹണിട്രാപ്പിലൂടെ പണം തട്ടി, യുവതിയും ബന്ധുവും പിടിയിൽ.

0

അരീക്കോട്(മലപ്പുറം): ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് പണം തട്ടിയ കേസില്‍ യുവതിയും ബന്ധുവും അറസ്റ്റില്‍. കാവനൂര്‍ വാക്കാലൂര്‍ സ്വദേശിനി കളത്തിങ്ങല്‍ അന്‍സീന (29) ഭര്‍തൃസഹോദരന്‍ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റുപ്രതികളായ യുവതിയുടെ ഭര്‍ത്താവ് കളത്തിങ്ങല്‍ ശുഹൈബ്, സുഹൃത്ത് മന്‍സൂര്‍ എന്നിവര്‍ ഒളിവിലാണ്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അന്‍സീന സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. ഭര്‍ത്താവ് വിദേശത്താണെന്ന് പറഞ്ഞ് യുവതി യുവാവിനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. യുവാവ് വീടിന് സമീപം എത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവും കൂട്ടുപ്രതികളും ചേര്‍ന്ന് യുവാവിനെ പിടികൂടി. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും യുവാവിനെ മര്‍ദിച്ച് കൈവശമുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ഫോണും കൈക്കലാക്കി.

ഇതിനുപിന്നാലെ യുവതി വീണ്ടും ഫോണില്‍വിളിച്ച് വിദേശത്തുള്ള ഭര്‍ത്താവ് സംഭവമറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നും അതിനാല്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് പ്രതികള്‍ വീണ്ടും രണ്ടുലക്ഷം രൂപ കൂടി ചോദിച്ചു. സുഹൃത്തുക്കള്‍ മുഖേന പരാതിക്കാരന്‍ 25,000 രൂപ കൂടി സംഘടിപ്പിച്ചുനല്‍കി. പിന്നാലെ പരാതിക്കാരന്റെ പേരില്‍ വായ്പ സംഘടിപ്പിക്കാനും ഇതുവഴി അരീക്കോട്ടെ വ്യാപാരസ്ഥാപനത്തില്‍നിന്ന് രണ്ട് മൊബൈല്‍ഫോണുകള്‍ വാങ്ങിക്കാനും പ്രതികള്‍ ശ്രമിച്ചു. ഈ സംഭവമറിഞ്ഞ പരാതിക്കാരന്റെ സുഹൃത്തുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് രേഖാമൂലം പരാതി നല്‍കുകയും പോലീസ് അന്വേഷണം നടത്തി രണ്ട് പ്രതികളെ പിടികൂടുകയുമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *